Tuesday, January 30, 2007

കാമുകന്റെ നിറം

രാത്രിയോടിഷ്ടം.
എന്നിട്ടും നീലയോടിഷ്ടമില്ല.
പകരമിഷ്ടം കടും കറുപ്പിനോട്.
എന്താണിങ്ങിനെ?
ചോദിക്കുമ്പോള്‍ ഉത്തരമിത്
“കാമുകന്റെ നിറം കറുപ്പാണ്”
സ്വന്തം ഇഷ്ടനിറത്തിലും
കാമുകന്റെ സ്വാധീനം, കഷ്ടം!
ഇതാണോ, ഇനി പ്രണയം?
--

Saturday, January 27, 2007

ചില പ്രണയരംഗങ്ങള്‍

രംഗം 1
പ്രണയമിന്നവനവളോടതിലൊളിഞ്ഞ
സൌന്ദര്യമതുപൊന്‍‌നിലാവില്‍ ചാഞ്ചാടി
നില്‍ക്കുമൊരു പച്ചപ്പുല്‍നാമ്പിന്‍ മുനയിലെ
ഇറ്റുന്ന മഞ്ഞുതുള്ളിതന്‍ തെളിഞ്ഞ,
മിഴിവാര്‍ന്ന സൌന്ദര്യം.
കറുത്തനിലത്തെ നിറമുള്ള ചതുരങ്ങള്‍
അവന്റെ നിലയ്ക്കാത്ത തേങ്ങലുകള്‍;
കൂന്തലിന്‍ മദ്ധ്യേ ചില നിറമുള്ള ശലഭങ്ങള്,
പിന്നെപ്പാറും മുടിക്കൊപ്പം കളിച്ചിടൂം
ചില വര്‍ണ്ണനാടകള്‍ തന്‍ കൂട്ടവും,
പിന്നെയൊതുക്കിയ മുറമ്പിന്നലിന്‍
മുകളിലെ വാസനയകന്ന മുല്ലയും,
അങ്ങിനെയവളുടെ പല ഭൌതികങ്ങള്‍
അതൊക്കെയുമിവനിന്നാ നിറമുള്ള ചതുരങ്ങള്‍.

രംഗം 2
കണക്കുപുസ്തകത്തിലവളുടെ
മിന്നുന്ന പേനതന്‍ കിരുകിരുപ്പ്.
ചേര്‍പ്പുകള്‍, കൂട്ടലുകള്‍ പിന്നെക്കുറെ
തെറ്റിയ കണക്കിന്‍ കളികളും
ഏകാന്തതയും അവളുമുണ്ടാമുറിക്കുള്ളില്‍
പിന്നെയവിടുള്ളതൊരെരിയുന്ന ദീപവും.
ദീപത്തിന്‍ പീതപ്രഭ ചെന്നുചേരുന്നു
ചുടുചോരതണുപ്പിക്കുമവള്‍തന്‍ ചെറുചുണ്ടില്‍
മൂളിപ്പാട്ടുകളീരടികള്‍ പിന്നെ
പാടുവാനാവാ‍ത്ത നിശബ്ദരാഗങ്ങളും.
ഇവയെല്ലാമുദിക്കുന്നതവള്‍തന്‍ ചെറുചുണ്ടില്‍
എന്നാലതുതോന്നിലെനിക്കു പലപ്പോഴും.
വാതായനങ്ങളേറെയുണ്ടവളുടെ
വെള്ളയടിച്ചോരാനാലു ചുവരിനും
വാതിലുകള്‍ കൊട്ടിയടച്ചവള്‍ മുറിതന്‍
ജനാലകള്‍ മലര്‍ക്കെത്തുറന്നു.
എത്തിനോക്കുന്നു ജനാലതന്‍പടിയിന്മേല്‍
മുറ്റത്തുനില്‍ക്കും വള്ളിച്ചെടിതന്‍ തലപ്പൊന്ന്
ആ ഇരട്ടത്തളിരിന്റെയടിയിലായ്
സ്വച്ഛമായ്, ശാന്തമായ് ഉറങ്ങുന്നൊരു
ശലഭത്തിന്‍ ആദിയാം വരയന്‍ പുഴു.
എന്‍സ്വപ്നങ്ങളും ഒളിവിലെവിടെയോ
കാലവും കാത്തിരിപ്പൂ പുഴുവിനെപ്പോല്‍
.
ദീപനാളത്തെ ഇരുട്ടില്‍ ചാലിച്ചവള്‍
പിന്നീടെപ്പൊഴോ കണ്‍പോളകള്‍ ചാരി
ഏതോ സ്വപ്നത്തിന്‍ മഞ്ചലിലേറി
യാത്രയായ് രാത്രിയില്‍ ചന്ദ്രനോടൊപ്പം.

രംഗം 3
മഞ്ഞുകാലത്തിന്‍ തണുപ്പില്‍ കുതിര്‍ന്നൊ-
രാരാത്രി, ഇരുണ്ടരാത്രി
ചവറുനിറഞ്ഞൊരാവിജനമാം നിരത്തി-
ന്നരികേ നടന്നു നീങ്ങി ഞാന്‍ വൃഥാ
എന്‍ ചിന്തകള്‍ വീണമീട്ടും വഴികളെങ്കിലും
യുക്തികള്‍ വഴിയിലെ കല്ലുകള്‍
ദുഃഖം മനസില്‍ നിറെയെയുണ്ടെങ്കിലും
പുഞ്ചിരിതൂകുന്ന മുഖപടമിട്ടുഞാന്‍
ആരും നടക്കാത്ത, ആര്‍ക്കാര്‍ക്കുമറിയാത്ത
പ്രണയവഴികള്‍ താണ്ടി ഞാനിനിയും മുന്നോട്ട്
വിളക്കിന്‍ കാലുകളേറെ കടന്നു ഞാനൊടുവില്‍
വന്നെത്തിയാ തുരുമ്പിച്ച കത്താത്ത വിളക്കുകാലരികത്ത്
അതിനുമപ്പുറമല്ലോ അവളുടെ സാകേതം,
അതിലവളെക്കാണുവാന്‍ പടുപാടെത്രയും.
തലയും കുമ്പിട്ടൊരുകാലുപൊക്കി കൈകളൊളിപ്പിച്ചു
വഴിവിളക്കുകാലും ചാരി, എന്നാലവളുടെ ചലനങ്ങള്‍ വീക്ഷിച്ച്
എന്തുകൊണ്ടറിയില്ലന്നങ്ങിനെ നിന്നു ഞാന്‍
സൂചികളോടുന്നു പിന്നെയും പിന്നെയും
ദീപമണഞ്ഞു, ശാന്തം വിരിഞ്ഞു.
ഞാന്‍...

രംഗം 4
ചിന്തകള്‍ ചിലതുണ്ടവനിലും
എന്നലവയെല്ലാമവളുടെ ചിന്തകള്‍
സ്നേഹമെന്തെന്നറിയുന്നതു പിന്നെ
സ്നേഹത്തിന്‍ വിലയറിയുന്നതും
സ്നേഹിക്കുവാനറിയുന്നതും
എനിക്കുമാത്രമെന്നവന്റെ ശാഠ്യം.
ചിത്രമെഴുത്തിലവനിടും വരകള-
വന്റെ മനസ്സിലെ മാറുന്ന ചിന്തകള്‍,
രേഖകള്‍ നേര്‍‌രേഖകളെങ്കിലും
ചിലതുണ്ട്, വല്ലാതെ വളഞ്ഞവ.
ഛായയവളുടെതല്ലേ പടങ്ങള്‍ക്ക്
വരച്ചതു ചുളിവീണ വൃദ്ധമുഖമെങ്കിലും
അവനിന്നറിയാം പലനിറക്കൂട്ടുകള്‍
അവയിലെല്ലാമവന്‍ ചാലിച്ചു സ്വപ്നങ്ങള്‍
ശരിയാണവയെല്ലാമവളെക്കുറിച്ചുള്ള
അവന്റെയാശകള്‍തന്‍ സ്വപ്നഭേദങ്ങള്‍
അവനിന്നെഴുതിയ ചിത്രങ്ങളേറെയു-
ണെങ്കിലുമൊന്നില്ലവളുടെ ചിന്തയില്‍
എല്ലാമവനെഴുതിയതവന്റെതന്‍
മനസ്സിന്‍ നിണമൊഴുകും വശങ്ങളില്‍.

രംഗം 5
മതി തീരെനല്‍കില്ല ദൈവം, സുന്ദര
കന്യകള്‍ക്കെന്നിന്നവള്‍ കേട്ടൊരു വാചകം
സുന്ദരിയോ, മതിശാലിനിയോ താന്‍,
അതുതന്നെയിവളുടെ ഇന്നുള്ള ചിന്ത
പുഴുവിന്‍ സ്വപ്നത്തിലിന്നുമവശേഷിപ്പൂ
പൊട്ടിമുളയ്ക്കാത്ത ഇളം വര്‍ണ്ണച്ചിറകുകള്‍
അവളും ദുഃഖിപ്പൂ പുഴുവിനോടൊപ്പം
പിന്നെ പ്രാര്‍ത്ഥിപ്പൂ നേരം വന്നണയുവാന്‍
മുറിയ്ക്കൊരു പൊടിമണം, തീരാത്ത
ചുക്കിലി, തളരാത്ത കീടങ്ങള്‍
എല്ലാമകറ്റി ശുചിയാക്കീടുവാന്‍
ശ്രമിച്ചു തളര്‍ന്നവള്‍ ദീപമൊരുക്കി.
പുതുവസ്ത്രത്തിന്‍ ഗന്ധത്തില്‍
പൊങ്ങിയനൂലിഴ തടവി പഴയ
വസ്ത്രത്തെമറന്നവള്‍ പിന്നീടെപ്പോഴോ
ആ എണ്ണവറ്റിയ ദീപം തെളിയിച്ചു.

രംഗം 6
രാത്രിയൊരു തീരാത്ത തുടര്‍ക്കഥ
നശ്വരരാത്രിതന്‍ അനശ്വരമാനസമെന്നില്‍ കുടിവെച്ചു
ഞാനും തുടര്‍ന്നേകനായ് തന്നെ.
കഴിഞ്ഞുപോയി മഞ്ഞുകാലം, ഇതേതുകാലം
അറിയില്ല, വേനലല്ലെങ്കില്‍ ശരത്.
നക്ഷത്രങ്ങള്‍, തിങ്കള്‍ പിന്നെയെന്‍ നോവുന്ന
ചിന്തകളൊക്കെയും മറച്ചുനീങ്ങുന്നു
ചില കറുത്ത കാര്‍മേഖങ്ങള്‍.
അന്നവള്‍ വായിക്കുന്നേതോ ചെറുപുസ്തകം
നിന്നു ജനാലയ്ക്കരികില്‍ നിശ്ചേഷ്ടയായ്
കണ്ടുകാണും ചിലപ്പോളവളെന്നെ
എന്തുകാര്യം ഞാന്‍ തികച്ചുമപരിചിതന്‍.
ഇന്നന്റെ ചിന്തയതിങ്ങനെ പോകുന്നു,
എന്തിനു ഞാനവളെയറിഞ്ഞു, അവളെന്നെയറിയില്ലയെങ്കില്‍?
ഇനിയും ഞാനവളെയറിഞ്ഞീലയോ,
അറിഞ്ഞതൊക്കെയും തെറ്റോ?അതുമിന്നറിയില്ല.
പാതിചാരിയ കണ്ണാടി ജനാലകള്‍ പിന്നൊരെവനിക
അതിനുപിന്നില്‍ വിരിച്ചൊരു നിഴലായവളെന്നെ
എങ്ങോട്ടൊക്കെയോ കൊത്തിപ്പറിക്കുന്നു.
വാനത്തു ചന്ദ്രനോട്ടം തുടര്‍ന്നു
ദീപമണഞ്ഞു, നിഴലും മറഞ്ഞു.
വ്യഥയും നിലച്ചു, രാത്രിയിലവളുടെ മുറിയുമലിഞ്ഞു.
ഞാന്‍...

രംഗം 7
എവിടെയാണവന്‍? അറിയില്ലതിനാല്‍
അവനെക്കുറിച്ചിനി എന്തെഴുതീടുവാന്‍
അവനെയറിഞ്ഞിട്ടു നാളുകളേറെയായ്
എങ്ങിനെ, എങ്ങിനെ, എങ്ങിനെയറിയുവാന്‍?
തിരക്കുകള്‍ പലതില്‍ ചിലപ്പോള്‍ തിരഞ്ഞുവെങ്കിലും
കണ്ടീല്ലവനെ, ഇന്നവനുള്ളതെന്‍ ഭാവനകളില്‍
നിലയ്ക്കാതെയെരിയുന്ന ഭാവനകള്‍,
സത്യമോ മിഥ്യയോ, അറിയില്ലെനിക്കതിന്നുമേ
കാ‍ത്തിരിക്കുവാനേറെയുണ്ടെനിക്കിന്ന്
കൂട്ടത്തിലൊന്നായവനെയും ചേര്‍ത്തിടാം
ഒടുവിലതിനൊരന്ത്യമായവനെത്തുകില്‍
പൂര്‍ത്തീകരിച്ചിടാമന്നവനെ നിസ്സംശയം.

രംഗം 8
യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നമായ് കാണുക,
എന്നെങ്കിലുമതു സത്യമായ് വന്നിടും.
ഒടിവിലാപ്പുഴുവിനും ലഭിച്ചൂ ചിറകുകള്‍
വിരിച്ചുപറന്നവനുടന്‍ മാനത്തേക്ക്
ഒടുവില്‍ തളര്‍ന്നപ്പോള്‍ തുനിഞ്ഞു നിലത്തേക്ക്
ചിറകടിക്കാതെ കാറ്റിനോടൊത്തിറങ്ങുവാന്‍
അയ്യോ, കഷ്ടം വന്നിറങ്ങിയതൊരു
ദുഷ്ടകീടം വിരിച്ച വലയ്ക്കുള്ളില്‍
പരിശ്രമങ്ങള്‍ വൃഥാവിലാവുന്നു
നിലയ്ക്കുന്നവനുള്ളില്‍ ശ്വാസനിശ്വാസവും
കാലുകളെട്ടുമായന്തകനെത്തുന്നു
വിശപ്പാണതിനിന്നു മറ്റൊരു പകയില്ല.
ജീവിതമാധുര്യമറിഞ്ഞിറക്കും മുന്‍പേ
ഇറക്കുന്നവനീയവനിയില്‍ കയ്പാകുമന്ത്യം.
അവളിപ്പോള്‍ നോക്കുന്നതുഞാന്‍
എന്‍‌നിശ്വാസത്തെ വിയര്‍പ്പാക്കിവാങ്ങി,
പിന്നതില്‍ ചുംബിച്ചവള്‍ക്കു ഞാന്‍ നല്‍കിയ
സുന്ദരമായൊരാ സിന്ദൂരച്ചെപ്പിനെ.
അവളതെറിയുന്നു ജനാലയിലൂടെ
വലപൊട്ടിച്ചു മണ്ണില്‍ ചിതറുന്നു കുങ്കുമം.
പറന്നുപൊങ്ങുന്നാശലഭം വാനത്തേക്ക്
കുങ്കുമം ചുമപ്പിച്ചൊരിരട്ടച്ചിറകുമായ്.
അവളും പറന്നുപോയ് പിന്നീടെപ്പൊഴോ
സ്വപ്നങ്ങളവളുടെ കൂടെയുണ്ടാവാം.
എങ്ങോട്ടുപോയവള്‍? അതെനിക്കറിയില്ല
ഇന്നവളെ ഞാന്‍ തിരയുന്നതുമില്ല.
എങ്കിലുമെന്‍ ഭാവനകളിലവളും ജീവിക്കുന്നു
എരിയും ഭാവങ്ങളായല്ലതു നിശ്ചയം.
നിങ്ങളറിഞ്ഞേക്കാമെന്‍ ഭാവനകളെ
കാരണം നമ്മളിന്നദ്വൈതത്തില്‍
അവളുടെ ജീവിതമെങ്ങിനെ വന്നുവോ
സ്വൈര്യമോ, സ്വസ്ഥമോ അതോ ഒരു നരകമോ?
ശരി, നിങ്ങളുടെയിഷ്ടമെന്റെയുമിഷ്ടം
‘ജീവിതം സുഖകരമവള്‍ക്കുമായീടട്ടെ’.
ഒന്നോര്‍ത്താലിതിവിടെപ്പറയുന്നതിലെന്തര്‍ത്ഥം,
എന്നാലീവേളയില്‍ വേറെന്തു ചൊല്ലുവാന്‍.

രംഗം 9
ഞാന്‍...
--
ഫെബ്രുവരി, 2001: കോളേജ് മാഗസീനിലേക്കായി ഞാനെഴുതിയ കവിത. ഇപ്പോള്‍ വീണ്ടുമിവിടെ കുറിച്ചപ്പോള്‍ മനസില്‍ തോന്നിയ ചെറിയ ചില മാ‍റ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.
--

Sunday, January 21, 2007

അവളുടെ പേരെന്തായിരുന്നു?

പേരിന്‍റെ ആവശ്യകതതന്നെ ഇന്നു മറന്നിരിക്കുന്നു.
വര്‍ഷങ്ങളായി ഞങ്ങളെത്രനേരം പലതും സംസാരിച്ചിരിക്കുന്നു,
കുറെനാളുകള്‍ക്കു ശേഷം അവളെന്‍റെ പേരുച്ചരിച്ചു,
അപ്പോളാണ് ഞാനാലോചിച്ചത്, അവളുടെ പേരെന്തായിരുന്നു?

പിന്നോട്ടുമറിയുന്ന കലണ്ടര്‍, അതിലൊരു ദിനം
അന്ന് ചുവന്ന ദുപ്പട്ടയില്‍, ഓറഞ്ച് കുപ്പിവളകളുമിട്ട് അവള്‍.
അവളോടൊപ്പം പടികള്‍ കയറിയപ്പോള്‍ അറിയാത്തഭാവത്തില്‍
വിരലുകളില്‍ തലോടിയപ്പോള്‍ കുപ്പിവളകള്‍ ചിരിച്ചറിയിച്ചു.

കാത്തിരിപ്പിന്‍റെ ഉറക്കം കളയുവാനായി മെല്ലെ അവളുടെ
കൈയില്‍ നുള്ളുവാന്‍ എന്തൊരു ഉത്സാഹമായിരുന്നു അന്നെനിക്ക്!
പക്ഷെ, എന്തുകൊണ്ടോ അവളെന്‍റെ പേരു വിളിച്ചില്ല,
ഞാനും വര്‍ഷങ്ങളോളം അവളുടെ പേരും വിളിച്ചില്ല.

വെള്ളച്ചാട്ടത്തിന്‍റെയരികിലിരുന്ന് ഓരോ പരിഭവത്തിനും
ഓരോ കല്ലുവീതം പെറുക്കിയെറിഞ്ഞ് അവസാനം
മണ്‍‍തരികള്‍ തേടിപ്പോയ ആ കാലം, അതും നീ മറന്നുവോ?
ഇല്ല, മറക്കുവാനത്തരം നിസാരതകള്‍ എന്നാണു നീ ഓര്‍ത്തിരുന്നത്?

ഒരുപക്ഷെ, മരണത്തിന്‍റെ കുളമ്പടികളടുത്തു വരുമ്പോഴും,
നിദ്രയില്‍ സ്വപ്നങ്ങള്‍ അലൊസരപ്പെടുത്തിയുണര്‍ത്തുമ്പോഴും,
മനസ് ശൂന്യമായി ചിന്തകളുടെ ഉറവതേടി അലയുമ്പോഴും
ആ കുപ്പിവളകളുടെ കൊഞ്ചല്‍ ഞാന്‍ പിന്നെയും കേള്‍ക്കുന്നു.
--

Wednesday, January 17, 2007

കഥകളിയിലെ ലളിതസംഗീതജ്ഞന്‍


കഥകളി സംഗീത ലോകത്തിന് മറ്റൊരു തീരാനഷ്ടമുണ്ടാക്കിക്കൊണ്ട് കലാമണ്ഡലം ഹൈദരാലിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. വേര്‍പാട് എന്നും ദുഃഖകരമാണ്. എന്നാല്‍ ഹൈദരാലിയുടെ മരണം ഒരു അപകടമരണമാണെന്നത് ദുഃഖം ഇരട്ടിയാക്കുന്നു. തന്റെ ശരീരത്തിനും ശാരീരത്തിനും ഒരു സംഗീതജ്ഞന്‍ അവശ്യം നല്‍കേണ്ട പരിചരണം നല്‍കിയ ചുരുക്കം കഥകളിഗായകരില്‍ ഒരാളായിരുന്നു അദ്ദേഹം. സ്വന്തം പ്രവൃത്തിദൂഷ്യം കൊണ്ട് തനിക്ക് ദൈവം നല്‍കിയ കല കൈമോശം വരരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ലഹരിയില്‍ അരങ്ങ് കൈമോശം വന്ന ഒരു ഘട്ടം പോലും അദ്ദേഹത്തിന്റെ കഥകളി സംഗീതജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ കൂടുതല്‍ പാടുവാന്‍ ദൈവം അനുവദിച്ചില്ല എന്നത് ഏറ്റവും ദുഃഖകരമാണ്.

ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രം കഥകളിക്ക് പ്രചാരമുണ്ടായിരുന്ന സമയത്താണ് ഹൈദരാലി കഥകളി സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. കേവലം സംഗീതബോധം മാത്രം കൈമുതലായുണ്ടായിരുന്ന ഹൈദരാലി, കഥകളി സംഗീതമണ്ഡലത്തില്‍ സ്വന്തമായ ഒരു സ്ഥാനമുറപ്പിച്ചത് കഠിനപ്രയത്നം കൊണ്ടും തളരാത്ത ഇച്ഛാശക്തികൊണ്ടുമാണ്. അഹിന്ദുവായതിന്റെ പേരില്‍ വളരെക്കുറച്ചു വേദികള്‍ മാത്രമാണ് അദ്ദേഹത്തിന് തുടക്കത്തില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഹൈദരാലിയുടെ സംഗീതത്തിനു വേണ്ടിമാത്രമായി കഥകളി അമ്പലമതില്‍ക്കെട്ടിനു പുറത്തു വെച്ചു നടത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുവാന്‍ അദ്ദേഹത്തിന്റെ സംഗീതത്തിനു സാധിച്ചു.

കഥകളി സംഗീതത്തെ സിനിമാസംഗീതമാക്കിമാറ്റുന്നു എന്ന ആരോപണം ഹൈദരാലിയെക്കുറിച്ചുണ്ട്. എന്നാല്‍ മറ്റൊരു കലാകാരനും ഇത്ര ആയാസരഹിതമായി കഥകളി സംഗീതത്തെ കൈകാര്യം ചെയ്യുവാന്‍ സാധിച്ചിട്ടില്ല എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ബാണയുദ്ധത്തിലെ ‘കിം കിം അഹോസഖീ’യും കചദേവയാനിയിലെ ‘സുന്ദരകളേബര’യും ഹൈദരാലി സംഗീതത്തിലെ ലാളിത്യത്തിന് മാതൃകകളാണ്. കഥകളി അഭിനയത്തില്‍ നാടകീയത കൊണ്ടുവന്നത് കലാമണ്ഡലം ഗോപിയാണെങ്കില്‍ സംഗീതത്തില്‍ നാടകീയതയുണര്‍ത്തിയത് ഹൈദരാലിയാണെന്ന് നിസ്സംശയം പറയാം. നളചരിതത്തിലെ ‘ഉചിതം, അപര വരണോദ്യമം’ എന്ന പദം ഇതിന് നല്ല ഒരുദാഹരണമാണ്. ഉചിതമെന്ന മുദ്രകാണിക്കുമ്പോള്‍ ഗോപിയാശാന്‍ ഇടയ്ക്കൊന്നു നിര്‍ത്തും, അപ്പോള്‍ സംഗീതവും ‘ഉ’ എന്ന അക്ഷരത്തില്‍ നിര്‍ത്തി രംഗഭാവം വര്‍ദ്ധിപ്പിക്കുന്ന പതിവ് ഹൈദരാലി പാടുമ്പോള്‍ മാത്രമാണ് എനിക്ക് അനുഭവവേദ്യമായിട്ടുള്ളത്.

ഭക്തിപ്രധാന രംഗങ്ങളില്‍ ശങ്കരന്‍ എമ്പ്രാന്തിരി, ഭാവപ്രധാന രംഗങ്ങളില്‍ വെണ്മണി ഹരിദാസ് എന്ന രീതിയില്‍ ഒരു പ്രത്യേക വിഭാഗം ഹൈദരാലിക്ക് കഥകളി സംഗീതത്തില്‍ ആസ്വാദകര്‍ നല്‍കിയിട്ടില്ല. എല്ലാ രംഗങ്ങളിലും, അവ ഭക്തിപ്രധാനമാണെങ്കിലും, ഭാവപ്രധാനമാണെങ്കിലും, ആട്ടപ്രധാനമാണെങ്കിലും, ഹൈദരാലി ഒരുപോലെ പാടി ഫലിപ്പിക്കും. എന്നിരുന്നാലും ചടുല രംഗങ്ങളിലും ഉത്സാഹരംഗങ്ങളിലും ആ ശൈലി ഒന്നു വേറെ തന്നെയാണ്. നളചരിതം നാലാം ദിവസത്തിലെ ‘പൂമാതിനൊത്ത ചാരുതനോ’, ‘ആനന്ദതുന്ദിലനായ് വന്നിതാശുഞാന്‍’ എന്നീ പദങ്ങള്‍ ഹൈദരാലി മനോഹരമാക്കാറുണ്ട്. കല്യാണസൌഗന്ധികം കഥയിലെ ‘പാഞ്ചാല രാജ തനയേ’ എന്ന ഭീമന്റെ പദം, പതിഞ്ഞ പദങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹൈദരാലിക്കുള്ള മികവ് പ്രതിഫലിപ്പിക്കുന്നു. കീചകവധം കഥയിലെ ‘ഹരിണാക്ഷി, ജനമൌലീമണേ’ എന്ന പദം, അതിലെ തന്നെ ‘മാലിനീ, രുചിരം’ എന്നീ പദങ്ങള്‍ ശൃംഗാരരസ പ്രധാനമായ പദങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹൈദരാലി കാണിക്കുന്ന ഔചിത്യബോധത്തിന്റെ തെളിവുകളാണ്. സോപാനസംഗീതമല്ല കഥകളി സംഗീതമെന്ന കാഴ്ചപ്പാടായിരുന്നു ഹൈദരാലിക്ക്. സോപാനസംഗീതത്തില്‍ ഭക്തിമാത്രമേയുള്ളൂ, എന്നാല്‍ കഥകളി സംഗീതത്തിന് സമസ്തഭാവങ്ങളും ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഒരു കഥകളി സംഗീതജ്ഞനായി മാത്രം അറിയപ്പെടുവാനാണ് ഹൈദരാലി എന്നും ആഗ്രഹിച്ചിരുന്നത്. കഥകളിസംഗീതത്തിലും കര്‍ണ്ണാടകസംഗീതത്തിലും ചില പരീക്ഷണങ്ങള്‍ നടത്തി നോക്കുവാനും അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ തില്ലാനയും വര്‍ണ്ണവും ഏഷ്യാനെറ്റില്‍ ബാലഭാസകറുമായി ചേര്‍ന്നുനടത്തിയ ‘ദി ബിഗ്ബാന്‍ഡ്’ എന്ന പരിപാടിയില്‍ അദ്ദേഹം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

കഥകളി സംഗീതത്തെ സാധാരണക്കാരനിലേക്കും, ആസ്വാദകരെ കഥകളി സംഗീതത്തിന്റെ ലളിത മനോഹര ഭാവങ്ങളിലേക്കും എടുത്തുയര്‍ത്തിയ മറ്റൊരു സംഗീതജ്ഞനില്ലെന്ന് നിസ്സംശയം പറയാം. കഥകളി വേദികളില്‍ ലളിതസംഗീതഭാവമായി നിറഞ്ഞ ഹൈദരാലി ഇനിയില്ല. വിധിയുടെ യാന്ത്രികചലനത്തില്‍ പൊലിഞ്ഞുപോയ ആ കലാപ്രതിഭ, ബാക്കിയാക്കിയ നല്ല അരങ്ങുകളുടെ മാധുര്യം പേറുന്ന കലാസ്വാദകരുടെ ഹൃദയത്തില്‍ മരണമില്ലാതെ തുടരും. പ്രണാമങ്ങള്‍...
--
ഫെബ്രുവരി, 2006: കഥകളി സംഗീതലോകത്തെ അതുല്യ ഗായകന്‍, ഹൈദരാലി നമ്മെവിട്ടു പിരിഞ്ഞിട്ട് ഈ ജനുവരിയില്‍ ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കിഴക്കിന്റെ വെനീസ്’ എന്ന മാസപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് എന്റെയീ ലേഖനം. ഹൈദരാലിയുടെ ഓര്‍മ്മകള്‍ വീണ്ടും ഉണരുന്ന ഈ വേളയില്‍ ബൂലോഗത്തിലെ പ്രിയവായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു.
--

Tuesday, January 16, 2007

നിരര്‍ത്ഥകം

അവളുടെ കവിളുകള്‍ക്ക് ചോരയുടെ മണം
എന്തുകൊണ്ടെനിക്കങ്ങിനെ തോന്നി?
ചോദിച്ചാലതിനുത്തരമില്ല
അടുത്തറിയുവാന്‍ കഴിയാത്ത
അനുഭവങ്ങളുടെ വിയര്‍പ്പുകണങ്ങള്‍
അവളുടെ വരഞ്ഞ കഴുത്തി-
ലെനിക്കു കാണുവാന്‍ കഴിഞ്ഞു
ചിരിക്കുന്ന മുഖത്തെ ഹൃദയത്തുടിപ്പുകള്‍
എന്നെക്കുഴപ്പിക്കുകയായിരുന്നു.
മുടിയുടെ കറുപ്പ് അവളുടെ
മനസിനേയും മൂടിയിട്ടുണ്ടോ?
എന്റെ സംശയത്തിന്റെ അടിസ്ഥാനം
അവളുടെ സംസാരമോ, പെരുമാറ്റമോ?
അവളുടെ കാല്‍ പതിയും ഭൂമിയില്‍
ഒരു മായും നനവ്
ആ നനവിനുമില്ലേ അല്പം ശോണിമ?
എന്റെ ദാഹം ശമിപ്പിക്കുവാന്‍
അത്രയും ജലം മതിയാവുമായിരുന്നില്ല
ഒരു പക്ഷെ, എന്റെ ദാഹം
അതതിദാഹമായിരിക്കാം.
എന്തിനുമേതിനും അനുകൂലാര്‍ത്ഥങ്ങള്‍
മാത്രം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന
മനുഷ്യരുടെ പതിപ്പുമാത്രമായ
എന്റെ ദാഹം, തീര്‍ച്ചയായും അതതിദാഹമാണ്.
എങ്കിലും ദാഹങ്ങള്‍ എനിക്കിഷ്ടമാണ്
തീവ്രദാഹങ്ങളോട് പ്രേമവും.
നിര്‍വികാരതയുടെ അനന്തമായ
അര്‍ത്ഥങ്ങള്‍ അവളുടെ
മുഖത്തുനിന്നും വായിച്ചെടുക്കുവാന്‍
ഞാന്‍ ശ്രമിക്കാതിരുന്നില്ല,
ഞാന്‍ പരാജയപ്പെടുകയാണോ?
ചിലപ്പോഴൊക്കെ ഞാന്‍ സംശയിച്ചു
അര്‍ത്ഥമില്ലാത്ത സംശയങ്ങള്‍
എന്റെ ഉറക്കം കെടുത്തുന്നതിനു
മുന്പുതന്നെ ഞാനവയെക്കൊല്ലുന്നു.
കൂട്ടത്തില്‍ ഞാനും മരിക്കുന്നു
അര്‍ത്ഥമില്ലാത്ത ഒരു മരണം!!!
--
ഡിസംബര്‍ 10, 2000: എന്റെ ഡയറിയില്‍ നിന്നുതന്നെ മറ്റൊന്നു കൂടി.

Monday, January 15, 2007

ആത്മാക്കളുടെ മരണം

ഒന്നാം ആത്മാവിന്റെ മരണം
അവന്‍ നടക്കുകയായിരുന്നു. അവന്റെ വഴിയവന് വ്യക്തമായിക്കാണാം. അവന്റെ തന്നെ ജീവിതത്തിലെ പാളിച്ചകളും താളപ്പിഴകളും വിമ്മിട്ടങ്ങളും അവനെ അസ്വസ്ഥനാക്കിയിരുന്നു. ആകെയൊരു വിജനത, അതോ ആരേയും അവന്‍ കാണാത്തതോ? മരങ്ങളുടെയടുത്തെത്തി അവന്‍ പറയുകയാണ്:
“ വൃക്ഷമേ നിന്റെയച്ഛനമ്മമാര്‍ ആരാണ്? നീയിവിടെ വേരുപിടിക്കുവാന്‍ കാരണമെന്ത്? നിന്റെ സൌന്ദര്യത്തിന്റെ രഹസ്യമെന്ത്?”

എന്നാല്‍ വൃക്ഷം ചിന്തിച്ചതിങ്ങിനെയാണ്:
“എന്റമ്മേ, ഇവനാര്? എന്നോടെന്തിനിങ്ങിനെ ചോദ്യങ്ങള്‍ ചോദിക്കുന്നു?”
അവന്‍: “എനിക്കറിയേണ്ടതുകൊണ്ട്.”
വൃക്ഷം: “പറയുവാനെനിക്ക് മനസില്ലെങ്കില്‍?”
അവന്‍: “ഞാനെന്റെ മനസുതരാം, പകരം നീയെനിക്ക് തണല്‍ നല്‍കുമോ?”
വൃക്ഷം: “തീര്‍ച്ചയായും ഇല്ല.”
അവന്‍: “എങ്കില്‍ ഞാന്‍ പോവുന്നു.”
വൃക്ഷം: “വളരെ വളരെ സന്തോഷം. ഇനിയീവഴി കാണാതിരിക്കട്ടെ...”

അവന്‍ പല മരങ്ങളോടും തണല്‍ ചോദിച്ചു, നിരാശതന്നെയായിരുന്നു ഫലം. ധാരാളം സമയം അവനങ്ങിനെ പാഴാക്കി. വഴിയുടെ അറ്റത്തെത്തിയിരിക്കുന്നു അവന്‍. അതിനപ്പുറമൊരു കൊക്ക, ഒന്നു ചാടിനോക്കുവാനവന്റെ മനസ് വെമ്പി. പക്ഷെ അവന്‍ ചിന്തിച്ചു:
“തണല്‍ തരുവാന്‍ മനസില്ലെങ്കില്‍ വൃക്ഷങ്ങള്‍ വൃക്ഷങ്ങളാവുന്നതെങ്ങിനെ? എനിക്കീ ലോകത്തു കഴിയേണ്ട. പക്ഷെ തനിയെ ചാകുവാന്‍ വയ്യ, വല്ലവരും കൊന്നു തന്നെങ്കില്‍ അതു വളരെ സൌകര്യമായിരുന്നു.”

അന്തവും കുന്തവുമില്ലാത്തവന് ദൈവമൊരു വഴികാട്ടുമല്ലോ, അവനും കിട്ടി നൂണ്ടു കടക്കുവാന്‍ പാകത്തില് ഒരു വിടവ്, അതിലൂടെ അവന്‍ അപ്പുറമെത്തി. അവിടെ അനേകം മനുഷ്യര്‍ സഞ്ചരിക്കുന്ന ഒരു വഴി, വഴിയുടെയരികിലായി ഒരു ആലും ആല്‍ത്തറയും. അവന്‍ ആല്‍ത്തറയുടെയടുത്തെത്തി. സൂര്യാസ്തമയം. പ്രകൃതിയുടെ വിഷാദസൌന്ദര്യം എന്നും അവനെ അത്ഭുതപ്പെടുത്തിയിരുന്നു. അതവനില്‍ കലയുണര്‍ത്തിയിരുന്നു. അവന്‍ പാട്ടുപാടി, കവിത ചൊല്ലി, കഥ പറഞ്ഞു, മണ്ണില്‍ ചിത്രമെഴുതി. പക്ഷെ അവനൊന്നിലും തൃപ്തിതോന്നിയില്ല. ആ ആല്‍ത്തറയില്‍ അവന്‍ മലര്‍ന്നു കിടന്നു. ഉടന്‍ തന്നെ ആ ആല്‍ തന്റെ ശിഖരങ്ങള്‍ അവനില്‍ നിന്നകറ്റുകയും അവനില്‍ കരിയിലകള്‍ വിതറുകയും ചെയ്തു. അപ്പോളവന് ആകാശത്തിലെ നക്ഷത്രങ്ങളെ വ്യക്തമായിക്കാണുവാന്‍ കഴിയുന്നുണ്ടായിരുന്നു. മഴയുടെ വരവായി, ആദ്യം പറക്കുന്ന പൊടിമണം. ചറ്റലിന്റെ ശീല്‍ക്കാരാം അന്തരീക്ഷത്തില്‍ നിറഞ്ഞു. അവനാകെ നനഞ്ഞൊലിച്ചു, ഉടുവസ്ത്രങ്ങളാകെ നനഞ്ഞു. മഴ തോര്‍ന്നപ്പോള്‍ ഉടുവസ്ത്രങ്ങളുരിഞ്ഞ് അവന്‍ ഉണങ്ങാനിടുകയും നഗ്നനായി രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. ഹാ, ആ നക്ഷത്രങ്ങളെവിടെപ്പോയി?

നേരം വെളുത്തു. ഏതോ രണ്ടു മിഴികള്‍ തുറന്നു. കുളിച്ചു മുടിയുണക്കി കണ്ണിന്റെയുടമ ജീന്‍സും ടീ-ഷര്‍ട്ടുമണിഞ്ഞു. ആ രൂപം നീലിമയുടേതായിരുന്നു. അല്പനേരത്തിനകം അവളുടെ കാര്‍ നിരത്തിലൂടെ നീങ്ങി. അവളെങ്ങോട്ടാണിത്ര വേഗത്തില്‍ കുതിക്കുന്നത്? അവള്‍ പറത്തിവിടുന്ന പൊടിപടലം താഴാന്‍ മറന്നപോലെ അന്തരീക്ഷത്തില്‍ തങ്ങി നിന്നു. ആ ആല്‍ത്തറയ്ക്കരികിലൂടെയുള്ള വഴിയിലൂടെയായിരുന്നു അവളുടെ യാത്ര. അവന്റെ നഗ്നത അവള്‍ കണ്ടു. അവന്‍ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. അവനിലലിഞ്ഞു ചേരുവാനവള്‍ക്ക് അതിയായ മോഹം. അവളവനെ തട്ടിയുണര്‍ത്തി. ഉണങ്ങിയ ചില്ലകളുടെ സ്പര്‍ശനത്താല്‍ അവന്‍ ഉണര്‍ന്നു. മുന്‍പില്‍ നില്‍ക്കുന്ന വിറകുമരം തന്റെ കാലനാണോ? അവനുമനസിലായില്ല. അവനതിയായി സന്തോഷിക്കുകയും അലറി വിളിക്കുകയും ചെയ്തു. ഉടുമുണ്ട് ചുറ്റി അവന്‍ അവളുടെയൊപ്പം കാറില്‍ കയറി. അവനവളെയാശിര്‍വദിച്ചു:
“ഈ ഭൂമിയില്‍ നിന്നെന്നെ രക്ഷിക്കുവാന്‍ നിനക്കാവട്ടെ!”
ആലിന്റെ ശിഖരങ്ങള്‍ പഴയതുപോലെയായതും അതില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുണര്‍ന്നതും അവന്‍ ശ്രദ്ധിക്കാതിരുന്നില്ല.

അവളുടെ വീട് അവനൊരു മരുഭൂമിയായിരുന്നു. അവളൊരു ഇലകൊഴിഞ്ഞ മരമാണെന്നവന്‍ മനസിലാക്കി. നീലിമ ഒരു തൂക്കുകയറായി മാറുന്നതും അവളവനെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതും അല്ലെങ്കിലൊരു കത്തിയായി തന്റെ കൈത്തണ്ട മുറിക്കുന്നതും പ്രതീക്ഷിച്ച് അവന്‍ നാളുകള്‍ തള്ളി നീക്കി. അവളുടെ കൂടെയുള്ള രാത്രികളില്‍ അവന് ശ്വാ‍സം മുട്ടല്‍ അനുഭവപ്പെട്ടു. വേരുകളും ശിഖരങ്ങളും അവനെ ചുറ്റിവരിഞ്ഞപ്പോള്‍ നനഞ്ഞ ചില്ലകളിലവനാഞ്ഞാഞ്ഞു കടിച്ചു. അവളുടെയടുത്തു കിടക്കുമ്പോള്‍ രക്തമണം പരക്കുന്നതായും പഴുതാരകള്‍ തന്റെ ശരീരത്തിലൂടെ ഇഴയുന്നതാ‍യും അവനു തോന്നി. അന്നതു സംഭവിച്ചു.

അവന് ജീവിതമിപ്പോള്‍ സന്തോഷകരമായിരുന്നു. അവനത് ആസ്വദിക്കുവാനും തുടങ്ങിയിരിക്കുന്നു. ശവക്കല്ലറയിലെ ഇരുട്ടില്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങളായിരുന്നു. ഇടയ്ക്കെപ്പോഴോ പുറത്തെത്തിയപ്പോളാണ് ഞാനവനെ കാണുന്നത്. അവളൊരു കത്തിയായാണോ തൂക്കുകയറായാണോ അവന്റെ ജീവിതാഭിലാഷം സാധിച്ചുകൊടുത്തതെന്നവന്‍ മറന്നു കഴിഞ്ഞിരുന്നു. സ്വസ്ഥവും സുന്ദരവുമായ ആ ലോകത്തേയും വസ്ത്രങ്ങള്‍ മലിനമാക്കാത്തതും സുതാര്യവുമായ അവന്റെ ശരീരത്തേയും അവന്‍ സ്നേഹിച്ചു. മറ്റു തിരക്കുകളൊന്നുമില്ലാത്തതിനാല്‍ പകല്‍ നേരം മുഴുവനും അവന്‍ നീലിമയെ പിന്തുടര്‍ന്നു. രാത്രിയിലവന്‍ ഉറങ്ങുന്നത് കൂടുതല്‍ നല്ലതായിക്കരുതി, നീലിമയെ അവളുടെ വഴിക്കുവിട്ടു. അന്നുരാത്രിയും അവന്‍ ശവക്കല്ലറിയില്‍ ഉറങ്ങുവാന്‍ കിടന്നു. ഒരു തലയിണയുടെ കുറവ് അവന് വല്ലാതെ അനുഭവപ്പെട്ടു. നീലിമയുടെ അസ്ഥികളൂരിയെടുത്ത് ഒരു തലയണയാക്കാമെന്നവനുറച്ചു. അസ്ഥികളൊന്നൂരിയെടുത്തപ്പോള്‍ തന്നെ അവന്‍ വല്ലാതെ കിതച്ചുതുടങ്ങി. അവളുടെ മൃദുവായ വയറ്റില്‍ കത്തികൊണ്ടാഞ്ഞാഞ്ഞു കുത്തിയെങ്കിലും കത്തിയുടെ മുനയൊടിയുക മാത്രമാണ് സംഭവിച്ചത്. വല്ലാതെ ഭയക്കുകയും കിട്ടിയ അസ്ഥിയുമായി അവനോടിമറയുകയും ചെയ്തു. കിട്ടിയ അസ്ഥി തലക്കല്‍ വെച്ച് അന്നുമുതലവനുറങ്ങിത്തുടങ്ങി.

മരത്തിനു പുതിയ തടിവേണമെന്നു മനസിലായി. ഒരു ദിവസമവള്‍ ചായവെയ്ക്കുന്നതു കണ്ടു. കുറച്ചു ദിവസം മുമ്പവള്‍ ഒരു ഗൈനോക്കോളജിസ്റ്റിനെ കണ്ടതിനാല്‍ തന്റെ മകന് അവളുടെ നശിച്ച പാല്‍ കുടിക്കേണ്ടല്ലോ എന്നവന്‍ സമാധാനിച്ചു. മകനെന്ന വിചാരം തന്നിലെപ്പോള്‍ കുടിയേറിയെന്നവന്‍ അത്ഭുതപ്പെട്ടു. അതിലവന് തന്നോടു തന്നെ ലജ്ജതോന്നി. അവളുടെ മുറിക്കുള്ളിലെ ചോരയുടെ മണമിന്നും അവനനുഭവപ്പെട്ടു. ഒരസ്ഥികുറഞ്ഞിട്ടും അവള്‍ക്കുയാതോരു കുഴപ്പവുമില്ലാത്തതെന്തെന്ന് അവന്‍ ചിന്തിച്ചു. ഒരുപക്ഷെ അവള്‍ക്കാവശ്യത്തിലധികം അസ്ഥികള്‍ കാണുമായിരിക്കാം. അവളെന്തിനാണ് ഈ ഭൂമിയില്‍ അവതരിച്ചത്, അതായി അവന്റെ അടുത്ത ചിന്ത. അവള്‍കാണാത്ത അച്ഛനുമമ്മയും അവള്‍ക്കു വെള്ളമൊഴിച്ചില്ല. അങ്ങനെയങ്ങിനെ ഉണങ്ങിയുണങ്ങി വളര്‍ച്ച മുരടിച്ച ഒരു ഉണക്കവൃക്ഷമായി അവള്‍ മാറി.

ആരാണവളുടെയടുത്തയിര? അതറിയുവാനവന് വല്ലാത്ത ആകാംഷ തോന്നി. കുറച്ചു ദിവസങ്ങള്‍ക്കകം അവനും തന്റെ സമീപമെത്തുമല്ലോ എന്നതിലവന് അതിയായി ദുഃഖിച്ചു. അവനെങ്ങാനും തന്റെ ഏകാന്തതയില്‍ കൈവെച്ചാലവനെ കൊല്ലാതെ വിടുകയില്ലെന്നവന്‍ മനസിലുറപ്പിച്ചു.

അപ്രതീക്ഷിതമായിരുന്നു അവന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍. ഏതോ ഒരു സ്ത്രീയെ തന്റെ കല്ലറയ്ക്കു സമീപം അടക്കം ചെയ്യുന്നതവന്‍ കണ്ടു. മരണാനന്തരക്രിയകളവന്‍ സൌകര്യപൂര്‍വ്വം വിസ്മരിച്ചു. മരിച്ചിട്ടും മരിക്കാത്ത മരമാണവളെന്നവനു തോന്നി. കണ്ണീരില്‍ കുളിച്ച ഭര്‍ത്താവിനേയും അവന്‍ കണ്ടു. അവളുടെയാത്മാവു പുറത്തെത്തുവാനായി അവന്‍ അക്ഷമനായി കാത്തിരുന്നു.

എപ്പോഴോ അവന്റെ കാത്തിരുപ്പവസാനിപ്പിച്ച് അവളവന്റെയരികിലെത്തി. അവരുടെ സംസാരം ഇങ്ങിനെ തുടങ്ങി:
അവന്‍: “പേര്?”
അവള്‍: “അനാലിസ”
അവന്‍: “മരണകാരണം?”
അവള്‍: “ഭര്‍ത്താവിനു മറ്റൊരുത്തിയോടു പ്രണയം, അവള്‍ക്കായവനെന്നെ കൊന്നു.”
അവന്‍: “പക്ഷെ, അവനന്നൊത്തിരി കരഞ്ഞു.”
അവള്‍: “അവന്‍ ജീവിക്കാന്‍ പഠിച്ചവന്‍.”

തനിക്കതായിരുന്നല്ലോ അറിയാത്തതെന്നവന്‍ പെട്ടെന്നോര്‍ത്തു.
അവള്‍: “ഭര്‍ത്താവിന്റെ കാമുകിയാരെന്നെനിക്കറിയില്ല, അറിയുവാനൊരാഗ്രഹം, കണ്ടെത്തുവാന്‍ സഹായിക്കുമോ?”
അവന്‍: “തീര്‍ച്ചയായും.”

വളരെപ്പെട്ടെന്നു തന്നെയവര്‍ ആ സത്യം മനസിലാക്കി. അനാലിസയുടെ ഭര്‍ത്താവായിരുന്നു നീലിമയുടെ പുതിയ തടി. ആ ദിവസം അവള്‍ മുഴുവന്‍ നേരവും കരഞ്ഞു. അന്നെപ്പോഴോ അവനവളെ പ്രണയിച്ചു. അവരുടെയാത്മാക്കളൊന്നായി. അവളുടെ ഇലകളില്‍ നിന്നും വരുന്ന കാറ്റിനു സുഗന്ധമുണ്ടെന്നവന്‍ മനസിലാക്കി. ഇടയ്ക്കെപ്പോഴോ അവന് ചോരമണത്തു, പക്ഷെ ഇപ്പോളത് അവന് അരോചകമായിത്തോന്നിയില്ല.

കുറച്ചു ദിവസങ്ങള്‍ക്കകം അനാലിസയുടെ ഭര്‍ത്താവും ശവമായിത്തീര്‍ന്നിരുന്നു. അനാലിസയയാളെ പൂര്‍ണ്ണമായും വെറുത്തു. അതിനാല്‍ തന്നെ അയാളെ തന്റെ ശത്രുവായി അവനും കരുതി. അയാളുടെയാത്മാവിന് കറുപ്പ് നിറമായിരുന്നു. അയാള്‍ അവളിലാധിപത്യം സ്ഥാപിക്കുവാന്‍ തുടര്‍ന്നും ശ്രമിച്ചു, ശല്യം സഹിക്കവയ്യാതായപ്പോള്‍ നീലിമയുടെ അസ്ഥിയെടുത്തയാളെ സ്പര്‍ശിച്ചു. അങ്ങിനെ അനാലിസയുടെ ഭര്‍ത്താവിന്റെയാത്മാവ് മൃതിയടഞ്ഞു. അനാലിസ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
--
രണ്ടാം ആ‍ത്മാവിന്റെ മരണം

അവനുമനാലിസയ്ക്കും ഒരു കുഞ്ഞുപിറന്നു, ഒരു പെണ്ണാത്മാവ്. യാദൃശ്ചികമായി നീലിമ തങ്ങളുടെ ശവക്കല്ലറകള്‍ക്ക് സമീപമെത്തി. അനാലിസയവളെക്കണ്ടു. നീലിമ പോയപ്പോളവള്‍ വീണ്ടും കരയുവാന്‍ തുടങ്ങി. അവന്‍ കാരണമന്വേഷിച്ചു:
അവന്‍: “എന്തിനാണ് കരയുന്നത്?”
അനാലിസ: “നീലിമയുടെ പാപത്തെക്കുറിച്ചോര്‍ത്ത്.”
അവന്‍: “അവളുടെ പാപത്തില്‍ നീ കരയുന്നതെന്തിനാണ്?”
അനാലിസ: “ഞാനവളെ സ്നേഹിക്കുന്നു.”

അവളുടെ മറുപടികേട്ട് അവനത്ഭുതം തോന്നി. തന്റെ ഭര്‍ത്താവിനേയും തന്നെത്തന്നെയും കൊന്ന നീലിമയോട് അനാലിസയ്ക്ക് സ്നേഹമോ? ആ ചോദ്യത്തിനവനുത്തരം ലഭിച്ചില്ല. അവര്‍ നീലിമയെ പാടെ മറന്നു. അവര്‍ രാവിലെ മുതല്‍ രാത്രിവരേയും തങ്ങളുടെ കുഞ്ഞിനെ ലാളിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവര്‍ സുഖമായുറങ്ങി. മരത്തിന്റെ ചില്ലകള്‍ ഇപ്പോളവനെ അലോസരപ്പെടുത്തിയില്ല. ചില്ലകളവനില്‍ പൂക്കള്‍ വര്‍ഷിച്ചു. ഇലകള്‍ അവനെ വീശിക്കൊണ്ടേയിരുന്നു. മരങ്ങള്‍ തണല്‍ നല്‍കുവാനിപ്പോള്‍ തയ്യാറുമായിരുന്നു.

കുഞ്ഞിനൊരു പേരുവേണമെന്നവനെപ്പോഴോ ഓര്‍മ്മവന്നു. ഒരു നല്ല പെണ്‍‌പേരുകണ്ടെത്തുവാ‍നായി അവന്റെ ശ്രമം. ഏതു പേരിടണമെന്നവന്‍ അനാലിസയോടു ചോദിച്ചു:
അവള്‍: “നീലിമയെന്നിട്ടാലോ?”
അവന്‍: “ആ നശിച്ചവളുടെ പേരോ?”
അവള്‍: “അതെ, അതുതന്നെ.”
അവന്‍: “ആ പേരു വേണ്ട.”
അവള്‍: “വേണം, അതു തന്നെ മതി.”
അവന്‍: “വേണ്ട”
അവള്‍: “വേണം”
അവന്‍: “വേണ്ട”
അവള്‍: “വേണം”
അവന്‍: “എന്തിനാണാപ്പേരു തന്നെവേണമെന്ന് നിനക്കിത്ര നിര്‍ബന്ധം? വേറെയെത്രയോ നല്ല പേരുകളുണ്ട്”.
അവള്‍: “കാരണം, അതെന്റെ ശരീരത്തില്‍ നിന്നുള്ള മകളുടെ പേരായതുകൊണ്ട്.”

അവളില്‍ നിന്നുമാവാചകം കേട്ടതുമവന്‍ വിളറിവെളുത്തു. അവന്റെ കൈ അവനറിയാതെ നീലിമയുടെ അസ്ഥിതേടി. അതിലവന്‍ സ്പര്‍ശിച്ചതും അവന്റെയാത്മാവും മരിച്ചു. ഇതുകണ്ടവള്‍ പൊട്ടിച്ചിരിച്ചു.
--
മൂന്നും നാലും ആത്മാക്കളുടെ മരണം

അവള്‍ പൊട്ടിച്ചിരിച്ചു. നീലിമയുടെ അസ്ഥിയെടുത്തവള്‍ സൂക്ഷിച്ചു നോക്കി. അതിനെവിടെ നിന്നാണിത്ര സംഹാരശക്തിയെന്നവളതിശയിച്ചു. അനാലിസയതെടുത്തു കുഞ്ഞിന്റെ ദേഹത്തുതൊട്ടു. കുഞ്ഞിന്റെയാത്മാവും അതോടെ മരിച്ചു. കുഞ്ഞിന്റെയാത്മാവിന്റെ മരണത്തോടെ അനാലിസയുടെ ആത്മാവും മരിച്ചുതുടങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കകം ആ കല്ലറകള്‍ ശൂന്യമായി. നീലിമയുടെയസ്ഥി എല്ലാത്തിനും സാക്ഷിയായി മണ്ണില്‍ പുതഞ്ഞു കിടന്നിരുന്നു. അതിഭയങ്കരമായ ഒരു കാറ്റ്, അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ പറന്നുപൊങ്ങിനിറഞ്ഞു. എല്ലാം ശാന്തമായപ്പോള്‍ ശവക്കല്ലറകളും നീലിമയുടെ അസ്ഥിയും കാണുവാനില്ലായിരുന്നു.

മരിച്ച നാലാത്മാക്കളുടേയും ഗതിയെന്തായി? അതെനിക്കറിയില്ല. അവനും അനാലിസയും അവരുടെ കുഞ്ഞും എങ്ങിനെയാണവിടെ കഴിയുക. അനാലിസയുടെ ഭര്‍ത്താവുമായി അവരെങ്ങിനെ കഴിയുന്നു? ഇതൊക്കെയറിയുവാനെനിക്കും ആഗ്രഹമുണ്ട്. അതിനു പക്ഷെ എന്റെയീ ആത്മാവും മരിക്കണം, അതിനായി നീലിമയുടെ അസ്ഥിതേടി ഞാന്‍ യാത്രയാ‍വുന്നു. വീണ്ടും കാണാം.

അല്പനേരത്തിനകം അവളുടെ കാര്‍ നിരത്തിലൂടെ നീങ്ങി.
--
നവംബര്‍, 1998: എന്റെ ആദ്യ ചെറുകഥ, വര്‍ഷങ്ങള്‍ക്കു മുന്നേ ഡയറിയില്‍ കുറിച്ചിട്ടിരുന്നത്. അല്ലെങ്കിലും ഈ ബൂലോഗമൊക്കെ എന്നാ ഉണ്ടായേ? :)
--