Wednesday, March 14, 2007

തണല്‍

ദൂരെയൊരു തണല്‍,
അടിയില്‍ കുളിര്‍മ്മ,
വറ്റാത്ത ഉറവകള്‍,
സ്നേഹത്തിന്റെ പച്ചപ്പുകളില്‍
ഹൃദയം പങ്കുവെയ്ക്കുന്നവര്‍,
മടിയിലെ ചൂടില്‍
തലചായ്ച് കിടക്കുമ്പോള്‍
മുകളില്‍ ചിരിക്കുന്ന
പാതിരാപ്പൂവുകള്‍.

ചുവന്ന ആകാശം,
താഴെ നീലക്കടല്‍,
കൊലുസിട്ട പാദങ്ങള്‍,
മണ്ണിനെപ്പുല്‍കി
പാവാടത്തലപ്പ്,
നുരഞ്ഞുവരുന്ന
തണുപ്പില്‍ പുതയുന്ന
കാല്‍ വെള്ളയില്‍
തിളങ്ങുന്ന മണല്‍ത്തരികള്‍.

വീശുന്ന ഇളം കാറ്റ്,
കാറ്റില്‍ പാറുന്ന മുടി,
ഇഴകളില്‍ നീലാകാശം,
ചുവന്ന റിബണില്‍
കുരുങ്ങിയ അരളിപ്പുവുകള്‍,
അലഞ്ഞുവരുന്ന
കുളിരില്‍ ചുരുങ്ങുന്ന
മനസിന്റെ ചുവരുകളില്‍
സ്നേഹത്തിന്റെ ഉറവകള്‍.

ആദ്യത്തെ ചാറ്റല്‍ മഴ,
പതിയെപ്പൊങ്ങുന്ന പൊടി,
അങ്ങേയറ്റത്തൊരു മഴവില്ല്,
മുഖത്തെപുള്ളികളില്‍
തട്ടിത്തെറിക്കുന്ന തുള്ളികള്‍,
മാറത്തുപിണയുന്ന
കൈകളുടെ തണുപ്പില്‍
അലിഞ്ഞില്ലാതാവുന്ന
ഞാനുമെന്റെ മനസും.
--

Sunday, March 11, 2007

ശ്രുതിഭാവങ്ങള്‍

എന്റെ മുറിയിലെ ജനാലകള്ക്കിന്ന് പതിവില്ലാത്ത തെളിച്ചം
വിങ്ങുന്ന മുറിക്കൊരാശ്വാസമായി തുറന്നിട്ട ജനാലകളിലൂടെ
ഇളം കാറ്റ്, തുറക്കുവാന് വൈകിയതെന്തെന്ന പരിഭവമോടെ.
കാലത്തിന്റെ കണക്കുപുസ്തകത്തില് ഇത്രയും കാലം
എങ്ങിനെയാവും ചേര്ക്കപ്പെട്ടിരിക്കുക?

അകലെ രാത്രിയുടെ അവസാനത്തെ വിനാഴികകള്
ഉച്ചത്തില് കരഞ്ഞാലും കേള്ക്കുവാന് കഴിയാത്തത്ര അകലം,
എങ്കിലും ഒരു തലോടലായ് തെന്നലായ് നീയടുത്തുണ്ടോ?
മുറിയില് വന്നുതട്ടി തിരിച്ചുപോവുന്ന കാറ്റിന്
നിന്റെ മണം, അത് ഞാനറിഞ്ഞിട്ടില്ലെങ്കിലും.

ദൂരെ മരണത്തിന്റെ കാലടിയൊച്ചകള്ക്കപ്പുറത്തേക്ക്
അവിടെയെന്തെന്ന തിരച്ചിലിനും തിരിച്ചറിവിനും മുന്പ്, ജീവിതം.
അതില് നമുക്ക് തണലാകുവാന് അരളികളില്ല, നാം മാത്രം.
അകലേക്കുള്ള പറിച്ചുനടലിലും പ്രസരിപ്പു വറ്റാത്ത കണ്ണുകളും
ചീകിയൊതുക്കാത്ത മുടിയിഴകളും എനിക്കെപ്പൊഴും കാണാം.

ഒരു മണി നേരത്തെ സംസാരവും പിന്നെയൊടുവില്
നീയെന്റെയാരെന്ന ചോദ്യത്തിനുള്ള നിശബ്ദതയും
ഒടുവില് ഉത്തരം പലനാളുകള്ക്കൊടുവിലറിയാം എന്നുറപ്പില്,
പുതപ്പിലേക്ക് ഊളിയിടുന്ന ഊണും ഉറക്കവും ശ്രുതിചേര്ന്ന
സമയകാലങ്ങള് നമുക്കായി കാത്തുനില്ക്കുന്നുവോ?
--

Wednesday, March 7, 2007

പ്രതിഷേധം - കഥ തുടരുന്നു

കഥ തുടരുന്നു (ഏതു കഥയാണ് തുടരുന്നത്?)

മാര്‍ച്ച് 7, 2007:
പ്രതിഷേധ ദിനം കഴിഞ്ഞ് രണ്ടു ദിനം പിന്നിടുന്നു. നൂറ്റി അന്‍‌പതിലധികം ബ്ലോഗേഴ്സ് സ്വന്തം ബ്ലോഗുകളില്‍ പ്രതിഷേധക്കുറിപ്പിട്ട് ഇതിനോട് സഹകരിച്ചു. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നവരേയും അവരുടെ പോസ്റ്റുകളേയും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ? ചില പത്രങ്ങളും ചാനലുകളും ഇതിനെക്കുറിച്ച് അറിയുവാന്‍ ശ്രമിക്കുകയും, ചിലരൊക്കെ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. പ്രത്യക്ഷമായി ഈയൊരു ഗുണം മാത്രമേ ഉണ്ടായുള്ളൂ.

എന്നാല്‍ പരോക്ഷമായി ധാ‍രാളം നേട്ടങ്ങള്‍ ഇതുകൊണ്ടുണ്ടായി.
• ഇനിയിതുപോലെയൊരു സാഹിത്യചോരണം ബ്ലോഗില്‍ നിന്നും നടക്കുകയില്ലെന്ന് പ്രതീക്ഷിക്കാം. അഥവാ നടന്നാലും അതില്‍ കുറഞ്ഞപക്ഷം യാഹൂവിനെപ്പോലെയുള്ള അന്താരാഷ്ട്രതലത്തില്‍ വേരോട്ടമുള്ള കമ്പനികള്‍ പ്രതിയാവില്ലെന്നും കരുതാം.
• കണ്ടന്റ് തയ്യാറാക്കി നല്‍കുന്നവര്‍ കൂടുതല്‍ ജാഗരൂകരാവും. ബ്ലോഗില്‍ നിന്നുമാത്രമല്ല എവിടെനിന്നും കണ്ടന്റെടുക്കുമ്പോഴും അവര്‍ രണ്ടുവട്ടം ആലോചിക്കും. ചൂടുവെള്ളത്തില്‍ വീണ പൂച്ച...
• യഹൂ, ഗൂഗിള്‍, എം.എസ്.എന്‍. എന്നിങ്ങനെ മലയാളം പോര്‍ട്ടല്‍ തയ്യാറാക്കുവാന്‍ മുന്നോട്ടുവരുന്ന ബഹുരാ‍ഷ്ട്രകമ്പനികള്‍, കണ്ടന്റ് വാങ്ങി പോര്‍ട്ടലില്‍ നല്‍കുമ്പോള്‍ കൂടുതല്‍ ജാഗരൂകരാവും. ഇപ്പോള്‍ തന്നെ യാഹൂ, കണ്ടന്റിന്റെ ഉത്തരവാദിത്തം വെബ്‌ദുനിയയ്ക്കെന്ന് ലേബലൊട്ടിച്ചാണ് പലതും പ്രസിദ്ധപ്പെടുത്തുന്നത്.

യാഹൂവിനും വെബ്‌ദുനിയയ്ക്കും ഈ പ്രതിഷേധം കൊണ്ട് എന്തെങ്കിലും സംഭവിച്ചുവോ?
• ഗൂഗിളില്‍ Yahoo Webduniya എന്നു സേര്‍ച്ചു ചെയ്തു നോക്കൂ: ആദ്യം ലഭിക്കുന്ന പേജ് തന്നെ കോപ്പിറൈറ്റ് വയലേഷനെ സംബന്ധിച്ച പേജാണ്.
• വെബ്‌ദുനിയ ലഭ്യമാക്കുന്ന സര്‍വ്വീസുകളില്‍ ഒന്നായ മലയാളം കണ്ടന്റ് ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട Webdunia Content Malayalam എന്നൊന്നു സേര്‍ച്ച് ചെയ്തു നോക്കൂ.
• ഇനി Content Malayalam എന്നു മാത്രം സേര്‍ച്ച് ചെയ്താലും ഈ വാര്‍ത്ത ആദ്യ ലിങ്കുകളില്‍ തന്നെയുണ്ട്.
• മലയാളത്തില്‍ യാഹൂ എന്നോ വെബ്‌ദുനിയ എന്നോ സേര്‍ച്ച് ചെയ്താലും സ്ഥിതി വ്യത്യസ്തമല്ല.
• ഇനിയിപ്പോള്‍ യാഹൂ വെബ്‌ദുനിയ എന്നിവ ഒരുമിച്ച് സേര്‍ച്ച് ചെയ്താല്‍ പറയുകയും വേണ്ട, ഇതു സംബന്ധമായ ലിങ്കുകള്‍ മാത്രമേ ആദ്യ പേജുകളില്‍ കാണുവാനുമുള്ളൂ. യാഹൂ മലയാളം എന്ന് സേര്‍ച്ച് ചെയ്താലും സ്ഥിതി വ്യത്യസ്തമല്ല.

ഇനി നിങ്ങള്‍ പറയൂ, ഈ പ്രതിഷേധം കൊണ്ട് യാഹൂവിനോ വെബ്‌ദുനിയയ്ക്കോ എന്തെങ്കിലും സംഭവിച്ചുവോ? തീര്‍ച്ചയായും ഇത് യാഹൂവിനെ (വെബ്‌ദുനിയയേയും) സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമല്ല. ഒരു പക്ഷെ, വളരെ സൌമ്യമായ രീതിയില്‍ ഒഴിവാക്കാവുന്ന പ്രശ്നത്തെ വലിച്ചിഴച്ച്, ഇത്രയും വഷളാക്കിയതില്‍ യാഹൂ ഇപ്പോള്‍ പഴിക്കുന്നുണ്ടാവും. സൂചികൊണ്ടെടുക്കേണ്ടതിനെ തൂമ്പകൊണ്ടെടുക്കേണ്ട പരുവത്തിലാക്കിയതില്‍ യാഹൂ മാത്രമാണ് ഉത്തരവാദിയും.

മാര്‍ച്ച് 8, 2007:
പ്ലേജറിസത്തിന് മറ്റൊരു ഉദാഹരണം കൂടി. ഇവിടെ ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, മലയാളം ബ്ലോഗുകള്‍ എന്ന ബ്ലോഗ് അഗ്രിഗേറ്ററിന്റെ ഹെഡര്‍ ഇമേജ്, വെബ് സൈറ്റിന്റെ സൃഷ്ടാക്കളുടെ അനുമതി കൂടാതെ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ മലയാളം ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമായതുകൊണ്ടും അതിലെ പ്രതിപാദ്യം മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് സഹായകകരമാവുന്നതുകൊണ്ടും, ഇതില്‍ പരാ‍തിയില്ല എന്നാണ് പോര്‍ട്ടലിന്റെ സൃഷ്ടാക്കളുടെ നിലപാട്. ഇത്തരത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതിലൂടെയും തിരുത്തുന്നതിലൂടെയും, ഭാവിയില്‍ ഈ പ്രവണതകള്‍ കുറയ്ക്കുവാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയാണ് ബ്ലോഗ് എഴുതുന്നവര്‍ക്കുള്ളത്.

മാര്‍ച്ച് 9, 2007:
യാഹൂവിന്റെ ഒരു പരസ്യപ്രസ്താവന നിങ്ങള്‍ക്ക് ഇവിടെ (യാഹൂ ആ ലിങ്ക് എടുത്തു കളഞ്ഞു.)കാണാം. യാഹൂ മാപ്പുപറഞ്ഞു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ചില വെബ് സെറ്റുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു (ഇവിടെയും ഇവിടെയും ഇവിടെയും). എന്നാല്‍ ‘കറിവേപ്പില’യില്‍ അതിനെക്കുറിച്ച് യാതൊന്നും പ്രതിപാദിച്ചിട്ടുമില്ല, ഔദ്യോഗികമായി യാഹൂവിന്റെ ഭാഗത്തുനിന്നും യാതൊരറിയിപ്പും ഇതുവരെ ‘സു’വിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ‘യാഹൂ ബ്ലോഗറോട് മാപ്പു പറഞ്ഞു’ എന്ന വാര്‍ത്തകൊണ്ട് ഒരു പക്ഷെ യാഹൂ നടത്തിയ പരസ്യപ്രസ്താവനയാവാം ഉദ്ദേശിച്ചിരിക്കുന്നത്. യാഹൂവിന്റെ പരസ്യപ്രസ്താവന (യാഹൂ മലയാളം > പാചകം > കോണ്ടിനെന്റല്‍ വന്നത്) (യാഹൂ ആ ലിങ്ക് എടുത്തു കളഞ്ഞു.) ശ്രദ്ധിച്ചാല്‍ ചിലകാര്യങ്ങള്‍ മനസിലാക്കാം.
• പാചകക്കുറിപ്പുകള്‍ അനുവാദമില്ലാതെ കോപ്പിയടിച്ചതിലല്ല ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്, മറിച്ച് അതുമൂലം ബ്ലോഗേഴ്സിനുണ്ടായ ബുദ്ധിമുട്ടിലാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
• ഇപ്പോഴും അവര്‍ പഴയ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല, വെബ്‌ദുനിയയാണ് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഉത്തരവാദികള്‍.
• ചുരുക്കത്തില്‍ ഇപ്പോഴും യാഹൂ തെറ്റ് അംഗീകരിക്കുകയോ, അതില്‍ മാപ്പു പറയുകയോ ചെയ്തിട്ടില്ല.
യാഹൂ യഥാര്‍ത്ഥത്തില്‍ മാപ്പ് പറഞ്ഞുവോ?
--

Thursday, March 1, 2007

യാഹൂവിന്റെ ബ്ലോഗ് മോഷണം


യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ് ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു.
പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.
എന്താണ് പ്രശ്നം? ‌| ഉത്തരവാദിത്തം ആര്‍ക്ക്? ‌| എങ്ങിനെ പ്രതിഷേധിക്കാം? | എന്തിന് പ്രതിഷേധിക്കണം?
--
കുറിപ്പ്: ഈ ലേഖനത്തിലെ വാചകങ്ങളും, പ്ലേഗറിസത്തിനെതിരായ ലോഗോയും ഉപയോഗിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ യാതോരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തുവാന്‍ പാടുള്ളതല്ല (വളരെ നിര്‍ബന്ധം) കൂടാതെ ഈ ലോഗോ ഉപയോഗിക്കുന്നവര്‍, സൃഷ്ടാവെന്ന നിലയില്‍ എന്റെ പേരുകൂടി പറയുകയാണെങ്കില്‍ വളരെ സന്തോഷം (നിര്‍ബന്ധമില്ല).
--

കഥ ഇതുവരെ
മാര്‍ച്ച് 13, 2006:
‘സു’വെന്ന് അറിയപ്പെടുവാനാഗ്രഹിക്കുന്ന, സൂര്യഗായത്രി ബ്ലോഗിലൂടെ പരിചിതയായ, കേരളത്തില്‍ നിന്നുള്ള ഒരു വീട്ടമ്മ ‘കറിവേപ്പില’ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ്, തന്‍റെ പാചക പരീക്ഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനായി ആരംഭിക്കുന്നു. “നിങ്ങള്‍ ഇതിനെ കറിവേപ്പില പോലെ തള്ളിക്കളയില്ല” എന്ന വിശ്വാസത്തിലാണ് താന്‍ ഈ ബ്ലോഗ് ആരംഭിക്കുന്നതെന്ന് സ്വാഗതത്തില്‍ തന്നെ സു സൂചിപ്പിക്കുന്നുമുണ്ട്.

ഫെബ്രുവരി 05, 2007:
‘കറിവേപ്പില’ തുടങ്ങി വര്‍ഷം ഒന്നാവുന്നു. ഉള്ളടക്കം കൊണ്ട് ഇതിനോടകം തന്നെ ഈ ബ്ലോഗ് ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ പാചകബ്ലോഗുകളില്‍ എടുത്തുപറയാവുന്ന ഒന്നായി ‘കറിവേപ്പില’ മാറി. എന്നാല്‍ ഈ ദിനം ‘കറിവേപ്പില’യില്‍ വന്നത് പാചകവിധിയായിരുന്നില്ല, ഒരു പരിഭവമായിരുന്നു. ബ്ലോഗിലെ കളവ് എന്ന പേരില്‍ ഒരു പോസ്റ്റ്, യാഹൂ തുടങ്ങിയ മലയാളം പോര്‍ട്ടറില്‍ തന്റെ പാചകക്കുറിപ്പുകള്‍, അതേപടി വന്നതിലുള്ള വിഷമം അതില്‍ സു തുറന്നു പറഞ്ഞു. കൂട്ടത്തില്‍ ഈ രീതിയില്‍ മറ്റാരെങ്കിലും തന്റെ പാചകക്കുറിപ്പുകള്‍ സ്വന്തം സൈറ്റുകളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എടുത്തു മാറ്റണമെന്ന അറിയിപ്പും.

ഫെബ്രുവരി 10, 2007:
ബ്ലോഗിലെ കളവ് എന്ന പോസ്റ്റിനെ ആധാരമാക്കി ധാരാളം ചര്‍ച്ചകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ നടന്നു (ബ്ലോഗിലെ കളവ് എന്ന പോസ്റ്റിന്റെ കമന്റ് ഫീഡുകള്‍ നോക്കിയാല്‍ ചര്‍ച്ചയുടെ ഒരു ഏകദേശ ധാരണ ലഭിക്കും.). ഇതിനെ നിസാരമായി തള്ളിക്കളയാതെ, ഭാവിയില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരു പ്രശ്നമായിക്കണ്ട്, യാഹൂവിനെ പ്രതിഷേധമറിയിക്കുക എന്ന അഭിപ്രായത്തോട് കൂടുതലാളുകളും യോജിച്ചു. പലരും യാഹൂവിന് ഇതില്‍ പ്രതിഷേധമറിയിച്ച് കത്തെഴുതുകളുമയച്ചു.

ഫെബ്രുവരി 15, 2007:
ഇ-മെയിലിലൂടെ പ്രതിഷേധമറിയിച്ച പലര്‍ക്കും യാഹൂവിന്റെ മറുപടി ലഭിച്ചു. താഴെപ്പറയുന്ന രീതിയിലായിരുന്നൂ അവയൊക്കെയും.
Thank you for writing in to Yahoo! India.

The content and information provided on Yahoo! language websites (urls
are given at the end of this message) are provided by Webdunia.com.
Should you have any concerns on copyright violations, please write in to
copyright@webdunia.com and it will be addressed by the webdunia team.

Regards
Jenny
Customer Care Team
Yahoo! India
ഈ മൊഷണത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്നൂം, മലയാളം പോര്‍ട്ടലിലേക്ക് വേണ്ട കണ്ടന്റുകള്‍ തയ്യാറാക്കുന്നത് വെബ്‍ദുനിയ എന്ന കമ്പനിയാണെന്നും, കോപ്പിറൈറ്റ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും അതുകൊണ്ട് തന്നെ അവര്‍ കൈകാര്യം ചെയ്യും എന്ന നിലപാടായിരുന്നു യാഹൂ കൈക്കൊണ്ടത്. Yahoo! Inc. ലേക്ക് മെയിലയച്ചവര്‍ക്ക് ലഭിച്ച മറുപടി Yahoo! India Inc. മായി ബന്ധപ്പെടുക എന്നായിരുന്നു. Yahoo! India പറഞ്ഞത് വെബ് ദുനിയയെ ബന്ധപ്പെടുവാനും. കോപ്പിയടിക്കപ്പെട്ട കണ്ടന്റ് വന്നത് യാഹൂവിന്റെ പോര്‍ട്ടലിലായതിനാലും കണ്ടന്റ് ലഭ്യമാക്കിയത് വെബ്‍ദുനിയയാണെന്ന് എവിടെയും പ്രകടമായി കാണാത്തതിനാലും Yahoo! India തന്നെയാണ് ഈ മോഷണത്തിന് ഉത്തരവാദി എന്ന നിലപാടില്‍ ബ്ലോഗേഴ്സ് ഉറച്ചു നിന്നു.

ഫെബ്രുവരി 19, 2007:
ബ്ലോഗേഴ്സിന്റെ പ്രതിഷേധം ബ്ലോഗിങ്ങിലൂടെത്തന്നെയാക്കുവാനും, എല്ലാ ബ്ലോഗേഴ്സും ഒരു ദിവസം ഒരുമിച്ച് പ്രതിഷേധിക്കുവാനും തീരുമാനിക്കുന്നു. ജിഞ്ചര്‍ & മാംഗോ എന്ന ബ്ലോഗുടമയാണ് (ഇഞ്ചിപ്പെണ്‍) ഇതിനായി മുന്നിട്ടിറങ്ങിയത്. ഈ പ്രശ്നത്തില്‍ പ്രതിഷേധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ ബ്ലോഗുകളില്‍, പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് ഒരു പോസ്റ്റ് മാര്‍ച്ച് 5ന്‌ ഇടുക എന്നതാണ് ഉദ്ദേശിക്കുന്നത്. യാഹുവിന്റെ ഈ പ്രശ്നത്തോടുള്ള സമീപനം മാറ്റുക, പറ്റിയത് തെറ്റാണെന്നും അവരും അതിന് ഉത്തരവാദികളാണെന്നും അംഗീകരിക്കുക, ബ്ലോഗേഴ്സിനോട് അതിന്റെ പേരില്‍ മാപ്പപേക്ഷിക്കുക, മോഷണത്തിന് ഇരയായ ബ്ലോഗേഴ്സിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ബ്ലോഗേഴ്സിന്റെ ആവശ്യങ്ങള്‍.

ഫെബ്രുവരി 28, 2007:
വെബ്‍ദുനിയയുടെ സി.ഇ.ഓയുടെ പക്കല്‍ നിന്നും പല ബ്ലോഗേഴ്സിനും ഒരു മെയില്‍ ലഭിക്കുന്നു.
Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in/ ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com/

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani CEO Webdunia.com (India) Pvt Ltd
മാര്‍ച്ച് രണ്ടിന് ബ്ലോഗേഴ്സിന്റെ പ്രശ്നങ്ങള്‍ അവര്‍ അവരുടെ ബ്ലോഗിലൂടെ കേള്‍ക്കുന്നതും, അതിനവരുടെ മറുപടി അപ്പോള്‍ത്തന്നെ തരുന്നതുമാണെന്നാണ് കത്തിന്റെ ഉള്ളടക്കം.

മാര്‍ച്ച് 2, 2007:
കൈപ്പള്ളി എന്ന ബ്ലോഗറുടെ
Yahoo's Copyright infringement on Malayalam Blog content എന്ന പോസ്റ്റിന് അനുബന്ധമായി കമന്റുകളിലൂടെ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍, വെബ്‍ദുനിയ (അല്ലെങ്കില്‍ വെബ്‍ദുനിയ എന്ന് നടിച്ചിരുന്നയാള്‍) വേഡ്‍പ്രസ്സിലെ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

മാര്‍ച്ച് 5, 2007:
ഇന്ന് പ്രതിഷേധ ദിനം. യാഹൂവിനും പ്ലേഗറിസത്തിനും എതിരായ പോരാട്ടത്തില്‍ നിരവധി ബ്ലോഗര്‍മാര്‍ അണിചേര്‍ന്നു. പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നവരുടെ വിവരങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഒരുപക്ഷെ ഈ പ്രതിഷേധം കൊണ്ട് യാഹൂ മുട്ടുകുത്തുകയോ മാപ്പു പറയുകയോ ചെയ്യുകയില്ലായിരിക്കാം, എന്നിരുന്നാലും ഇത്തരം മോഷണങ്ങള്‍ ഇനിയും അരങ്ങേറുവാതിരിക്കുവാനുള്ള ശക്തമായ ഒരു സന്ദേശമായി ഇതുമാറും എന്നതില്‍ സംശയമില്ല.

മാര്‍ച്ച് 7, 2007:
പ്രതിഷേധം - കഥ തുടരുന്നു
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കോപ്പിറൈറ്റ് വയലേഷന്‍സ്
പ്രതിഷേധിക്കാം അല്ലേ? - കറിവേപ്പില
കടന്നല്‍ക്കൂട്ടത്തില്‍ കല്ലെറിയരുതേ... - വിശ്വബൂലോഗം
കക്കാ‍നും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
രണ്ടായിരത്തിയേഴ് മാര്‍ച്ച് അഞ്ച് പ്രതിഷേധ ദിനം - ഒരു കര്‍ഷകന്‍
കോപ്പിയടിക്കപ്പുറം - സിബു
ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും.. - ആലിഫ്
ബ്ലോഗ് മോഷണം - എന്റെ പ്രതിഷേധം - ശ്രീജിത്ത് കെ
യാഹൂ! ഇന്ത്യയ്‌ക്കെതിരെയുള്ള പകര്‍പ്പവകാശ ലംഘന ആരോപണം - വക്കാരിമഷ്ടാ
എന്റെ പ്രതിഷേധം - ജ്യോതിര്‍മയി
--
ഇവിടെയെഴുതിയിരിക്കുന്നതില്‍ എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കമന്റായി ഇടുവാന്‍ താത്പര്യപ്പെടുന്നു.
--