Wednesday, July 30, 2008

ഒരു ഷെഡ്യൂള്‍ഡ് മരണം

Oru Scheduled Maranam (Scheduled Death).
WEDNESDAY, JUNE 25, 2008
എന്റെ ചരമക്കുറിപ്പ്

നിങ്ങളിതു വായിക്കുമ്പോൾ ഞാനിവിടെ ഉണ്ടായിരിക്കില്ല. ഈ വായിക്കുന്നത് ഞാൻ ദിവസങ്ങൾക്കു മുൻപെഴുതി ബ്ലോഗറിലിട്ടിരുന്നതാണ്. ഷെഡ്യൂൾ പ്രകാരം ഇന്ന് പബ്ലിഷായെന്നു മാത്രം. (ഷെഡ്യൂൾഡ് പോസ്റ്റിങ്ങിനെക്കുറിച്ചറിയുവാൻ ഇവിടെ അമർത്തുക.) ഞാൻ മരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. കടൽതീരത്ത് അവസാനമായി വൈകുന്നേരം വെറുതെ നടന്നു. ആരേയും കൂട്ടിനു വിളിച്ചില്ല. ഉടുപ്പി ഹോട്ടലിൽ നിന്നും ഇഡ്ഢലി, വട, സാമ്പാർ അതൊക്കെ കഴിച്ചു. കുട്ടിക്കാലത്ത് തൂങ്ങിയാടി കളിക്കാറുണ്ടായിരുന്ന ആൽമരത്തിനു ചുവട്ടിലും പോയി. അതിനിപ്പോഴും വലിയ മാറ്റമൊന്നുമില്ല. മാറ്റം നമ്മൾ, മനുഷ്യർക്കാണ്‌. പേപ്പറിലൊരു കുറിപ്പെഴുതി വെച്ചുള്ള മരണത്തിന് പുതുമയില്ലല്ലോ... ഇതാവുമ്പോൾ മരിച്ച് ദിവസങ്ങൾക്കു ശേഷം ഒരു കഥയായി ബ്ലോഗിലൂടെ പുറത്തുവരും. രസമല്ലേ?

അപ്പോൾ കാര്യത്തിലേക്ക്. ഞാൻ മരിക്കുകയാണ്. എന്തിനു മരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ അതിന്റെ ഉത്തരം എനിക്കും അറിയില്ല. ആഹാരത്തിനാഹാരം, തുണിക്കു തുണി, താമസിക്കുവാനൊരു വീട്, സ്നേഹിക്കുവാനാളുകൾ; ഇവയൊക്കെ എനിക്കുമുണ്ട്. ജോലിയും കാര്യങ്ങളും തരക്കേടില്ലാതെ പോവുന്നുണ്ട്. പിന്നെ എന്തിന്? ഇതൊക്കെയുണ്ടെങ്കിലും, എന്റെ ഇഷ്ടത്തിനല്ല ജീവിക്കുന്നത് എന്നൊരു കാരണം വേണമെങ്കിൽ പറയാം. അല്ലെങ്കിൽ; അറിയാവുന്ന വഴിയേ നടക്കുവാൻ എപ്പോഴും മടുപ്പാണല്ലോ! കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുറിച്ച ചില വരികൾ... മറ്റൊരു പോസ്റ്റാക്കണോ? വേണ്ട, അതും ഇതിന്റെയൊരു ഭാഗമാവട്ടെ. ഈ വരികൾക്ക് എന്താണ് പേരുപറയുക... പേരിന്റെ ആവശ്യമില്ല ഇവയ്ക്ക്.

വല്ലപ്പോഴുമൊക്കെ വല്ലാതെ ജീവിതം മടുത്തുപോവുന്നു,
അപ്പോളൊക്കെയാണ് അവള്‍ ഓര്‍മ്മകളിലെത്തുക;
അവളുണ്ടായിരുന്നെങ്കില്‍, ഈ മടുപ്പുണ്ടാവുകയില്ലെന്നാണോ?
അല്ല, മടുപ്പിന്റെ കുറ്റമേല്‍ക്കാന്‍ ഒരാളുണ്ടാവുന്നതും ഒരു സുഖം!

മല്‍ഹാര്‍ കേട്ട് എന്നെ ഓര്‍ത്തിരുന്ന അവളോടേ എനിക്കു ദേഷ്യമുള്ളൂ!
മീരയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അവളെ ഞാനറിയുകപോലുമില്ല.
മഴ! അവളെന്നെ ഓര്‍ക്കുന്നുണ്ടാവുമോ? ഉത്തരമർഹിക്കാത്ത ഒരു ചോദ്യം.
ഓര്‍ത്തിരിക്കുവാനഞ്ചാറ്‌ മഴയും, ചില വരികളുമല്ലാതെ മറ്റെന്തുണ്ട്?

ആരാണ് അവൾ? അതാണല്ലോ എനിക്ക് അറിവില്ലാത്തത്. പ്രണയനഷ്ടമോ, പ്രണയനൈരാശ്യമോ ആണോ ഈ മരണം? അല്ല. പ്രണയിക്കുവാൻ എനിക്കറിയില്ലല്ലോ! ആത്മാർത്ഥതയില്ലാത്ത സ്നേഹബന്ധങ്ങൾ മാത്രമേ ഞാനിവിടെ നിന്നും പഠിച്ചിട്ടുള്ളൂ, അതേ പാലിക്കുവാനുമറിയൂ. പ്രണയം, അതിനൊരിക്കലും കീഴടങ്ങുവാൻ ഞാനൊരുക്കമല്ല. ഛെ! അതിനു വേണ്ടിയാണ് മരിച്ചതെന്ന് ആരെങ്കിലും കരുതുമോ? ഹാ, അല്ലെങ്കിൽ തന്നെ ആരാണ് എന്നെ ശരിയായി മനസിലാക്കിയിട്ടുള്ളത്!!!

എങ്ങിനെയാണ് മരിക്കേണ്ടത്? ഷോക്കടിപ്പിച്ചാലോ? അതോ തൂങ്ങിമരിക്കണോ? വിഷം കഴിച്ചും മരിക്കാം... അതിലും വേണ്ടേ ഒരു പുതുമ. പണ്ടൊരു രസികൻ പറഞ്ഞതുപോലെ വിനയന്റെ ഒരു പടമെടുത്ത് അഞ്ചാറുവട്ടം കണ്ടാലോ? ;-) (ഹോ! വ്യക്തിഹത്യ പാടില്ല... മരണക്കുറിപ്പിലെങ്കിലും അതൊഴിവാക്കണമെന്നുണ്ടായിരുന്നു... എന്തു ചെയ്യാം, ചൊട്ടയിലെ ശീലം ചുടല വരെ...) അടഞ്ഞ മുറിക്കുള്ളിൽ, കൈത്തണ്ട മുറിച്ച്, ചോരവാർന്ന്, ഉറക്കത്തിലേക്ക് ഇങ്ങിനെ പതിയെപ്പതിയെ... അതുമതി, പുതുമയില്ലെങ്കിലും ഒരു സുഖമുണ്ട് ഈ മരണത്തിന്.

വിടപറയുന്നത് എപ്പോഴും സങ്കടകരമാണ്. ബന്ധങ്ങളുടെ നൂലിൽ വിശ്വസിക്കുന്ന, സ്നേഹിക്കുന്ന എത്രയോ പേർ ഇനിയും ബാക്കിയുണ്ട്. അവരെയൊക്കെ വിട്ടിട്ട് പോവണോ? ആലോചിക്കുമ്പോൾ സങ്കടം വരുന്നു. എല്ലാവരേയും ഞാനിപ്പോഴും സ്നേഹിക്കുന്നു. അനാവശ്യമായ ഒരു മരണമല്ലേ ഇത്? ആയിരിക്കാം, പക്ഷെ എനിക്കിന്നിത് ഒരു അനിവാര്യതയാണ്. അല്ലെങ്കിൽ വല്ലാതെ ഭ്രാന്തുപിടിക്കുന്നു, ഇടക്കിടെ. അതറിയുവാൻ ആരുമില്ലല്ലൊ! എല്ലാവരോടും വിട...

റ്റാറ്റാ...

Posted by ഗുരു at 09:09 AM ‌| Labels: Short Story, Death


SUNDAY, JUNE 29, 2008
മരിക്കാനെനിക്കു മനസില്ല!

മരണം ഭീരുക്കളാണ് ചെയ്യുന്നതെന്ന് ആരാണോ പറഞ്ഞത്. എത്ര ധൈര്യമുണ്ടെങ്കിലാണ് ഇതു ചെയ്യുവാൻ കഴിയുക! മരിക്കുന്നതിലേറെ ധൈര്യം ജീവിക്കുവാൻ വേണമെന്നോർത്താവാം അയാൾ അങ്ങിനെ പറഞ്ഞത്. ചുരുക്കത്തിൽ മരിക്കാനെനിക്കു മനസില്ല! (അഥവാ ധൈര്യമില്ല!)

ഓഫ്: കൈ മുറിച്ചു, ചോര വാർന്നു, പതിയെപ്പതിയെ ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു... പക്ഷെ, കണ്ണു തുറന്നപ്പോൾ ആശുപത്രിക്കിടക്കയിൽ. ഇനി മറ്റൊരു നാളിൽ മരണം വീണ്ടും ഷെഡ്യൂൾ ചെയ്യണം... പക്ഷെ, ഷെഡ്യൂൾഡ് മരണക്കുറിപ്പിന്റെ പുതുമ ഇവിടെ നഷ്ടമായി, അല്ലെ? :-(

Posted by ഗുരു at 12:27 AM ‌| Labels: Return, Death


Description: Oru Sheduled Maranam (Scheduled Death): Short Story by Hareesh N. Nampoothiri aka Haree | ഹരീ.
--