Tuesday, December 30, 2008

ചിത്രചോരണം - കൂത്തമ്പലം

Image Plagiarism: Koothampalam Magazine.
തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങുന്ന ഒരു കലാസാംസ്കാരിക പ്രസിദ്ധീകരണമാണ് ‘കൂത്തമ്പലം’ മാസിക. ഗോവിന്ദന്‍ എസ്. തമ്പി ചീഫ് എഡിറ്ററും, പി. രവീന്ദ്രന്‍ നായര്‍ എഡിറ്ററുമാണെന്ന് ആദ്യ പേജില്‍ കാണുന്നു. ഡോ. ലീ‍ല ഓംചേരി, പി.കെ. നാരായണന്‍ നമ്പ്യാര്‍, ബി.ഡി. ദത്തന്‍ തുടങ്ങിയ കലാ‍രംഗത്തെ പ്രശസ്തരാണ് ഉപദേശകസമതിയില്‍ അംഗങ്ങളായിരിക്കുന്നത്. മാസികയുടെ ഗ്രാഫിക്സ്, ലേ-ഔട്ട് എന്നീ സംഗതികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ad▪venture എന്ന കമ്പനിയാണെന്നും കാണുന്നു. ഇങ്ങനെയെല്ലാമായ ‘കൂത്തമ്പല’ത്തിന്റെ 2008 ഡിസംബര്‍ ലക്കം പുസ്തകത്തില്‍ എന്റെ മൂന്ന് ചിത്രങ്ങളാണ്, എന്റെ അറിവോ സമ്മതമോയില്ലാതെ, അഞ്ചിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്നത്.

മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍
എന്റെ ഫ്ലിക്കര്‍ ആല്‍ബത്തില്‍, 'അരങ്ങ്' എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും; കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ഒരു ചിത്രവുമാണ് ‘കൂത്തമ്പല’ത്തില്‍ എടുത്തുപയോഗിച്ചിരിക്കുന്നത്.

RavanaMandothiriചവറ അപ്പുക്കുട്ടന്‍ പിള്ള എഴുതിയ ‘കളിയരങ്ങിലെ ഹാസ്യാത്മകത’ എന്ന ലേഖനത്തിലാണ് (പേജ് നമ്പര്‍ 20) ഈ ചിത്രം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഉള്ളടക്കം രേഖപ്പെടുത്തിയിരിക്കുന്ന പേജില്‍ ഇത് പാതി മുറിച്ച്, ലംബമായി തിരിച്ചും ഉപയോഗിച്ചിരിക്കുന്നു.

Karavamsathiമുകളില്‍ പറഞ്ഞ ലേഖനത്തിന്റെ മൂന്നാം പേജിലാണ് (പേജ് നമ്പര്‍ 22) ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മാസികയുടെ പുറംചട്ടയിലും ഈ ചിത്രം കാണാവുന്നതാണ്.

Bali, Naradan & Ravanan in Balivijayam Kathakali.മാസികയുടെ ഇരുപത്തിയൊന്നാം പേജിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ അവസാനമായി ചേര്‍ത്തിരിക്കുന്ന ചിത്രമാണിത്.

Image Plagiarism: Koothampalam Inner Page. തൊണ്ടിയായി ഒരു പേജ് മാത്രം ഇവിടെ ചേര്‍ക്കുന്നു. മൂന്നു ചിത്രങ്ങളും വാട്ടര്‍മാര്‍ക്കോടെയാണ് ഫ്ലിക്കറില്‍ / ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വാട്ടര്‍മാര്‍ക്കുള്ളത്രയും ഭാഗം ക്രോപ്പ് ചെയ്താണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നയാളുടെ ഫോട്ടോയാണിതെന്ന് പറയുവാനുള്ള മാന്യതപോലും കാണിച്ചിട്ടുമില്ല. രസകരമായ സംഗതി, തുടര്‍ന്നു വരുന്ന ‘കൃഷ്ണലീല - മാതൃത്വത്തിന്റെ വേദനകള്‍’ എന്ന ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയിട്ടുണ്ടെന്നതാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ആ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ വേണ്ടരീതിയില്‍ ചെയ്യുവാന്‍ അറിയായ്കയല്ല. ഫ്ലിക്കറില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ പൊതുസ്വത്താണെന്നാണോ ഇതിന്റെ എഡിറ്റോറിയല്‍ സംഘത്തിലുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്!

മാസികയുടെ ഉള്ളടക്കം പേജില്‍ ലഭ്യമായ ഇ-മെയില്‍ വിലാസത്തില്‍ (koothampalam@gmail.com) ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മെയില്‍ ഡിസംബര്‍ 22-ന് അയയ്ക്കുകയുണ്ടായി. ശൈശവകാലം പിന്നിട്ടിട്ടില്ലാത്ത മാസികയാണെങ്കിലും, ചെയ്ത ചെറ്റത്തരം ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കുക എന്ന തന്ത്രം തുടക്കത്തില്‍ തന്നെ വശത്താക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എന്റേതാണെന്ന് വ്യക്തമാക്കുന്ന ഒരു തിരുത്ത് മാസികയില്‍ പ്രസിദ്ധീകരിക്കുക, ചെയ്ത തെറ്റ് അംഗീകരിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഞാന്‍ ഇ-മെയിലില്‍ ആ‍വശ്യപ്പെട്ടിരുന്നത്. കൂടാതെ, ഇനി വരുന്ന ലക്കങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെങ്കിലും, മാന്യമായ സമീപനം ഈ കാര്യത്തില്‍ മാസികയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. കലാരംഗത്തെ പ്രമുഖരെ ഉപദേശകസമിതിയില്‍ അവരോധിച്ചതിനു ശേഷം, മറ്റുള്ളവരുടെ കലാപ്രകാശനത്തെ മോഷ്ടിച്ചുപയോഗിക്കുന്നത് ‘കൂത്തമ്പല’ത്തിന് ഒട്ടും യോജിച്ചതല്ല; കലാസാംസ്കാരിക മാസികയെന്ന പേരില്‍ പുറത്തിറക്കുമ്പോള്‍ പ്രത്യേകിച്ചും.

UPDATE
ജൂലൈ 2009 ലക്കത്തില്‍ പ്രസ്തുത ചിത്രങ്ങളെടുത്തത് ഞാനാണെന്നും, പേരു രേഖപ്പെടുത്തുവാന്‍ വിട്ടുപോയതില്‍ ഖേദവും ‘കൂത്തമ്പലം’ മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റു മനസിലാക്കിയതിലും തിരുത്തിയതിലും വളരെ നന്ദി.

Description: Koothampalam Plagiarism, Image Theft. Photography Theft by Koothampalam (Koothambalam) Magazine. The magazine used 3 images from my flickr album and my Kathakali blog in 5 instances; without my knowledge or permission, violating copyright terms and conditions. Dr. Leela Omchery, P.K. Narayanan Nambiar, B.D. Dathan etc. are there in the advisory board. Chief Editor: Govindan S. Thampy and Editor: P. Raveendran Nair. Photos by Hareesh N. Nampoothiri aka Haree | ഹരീ.
--