Sunday, May 24, 2009

തിരുച്ചിയിലേക്കൊരു യാത്ര - ഭാഗം ഒന്ന്

A trip to Trichy - A photo travelogue by Haree.
യാത്രകള്‍ ഇഷ്ടമാണെങ്കിലും പലപ്പോഴും സമയവും സാഹചര്യവും ഒത്തുവരാറില്ല. അങ്ങിനെയിരിക്കെയാണ് കഴിഞ്ഞ വാരം തിരുച്ചിറപ്പള്ളി അഥവാ തിരുച്ചി(Trichy)യിലേക്കൊരു യാത്ര സാധ്യമായത്. കൂട്ടത്തില്‍ ശ്രീരംഗം, തഞ്ചാവൂര്‍, തിരുവയ്യാറ്‌, കല്ലണ, കൊടൈക്കനാല്‍ തുടങ്ങിയ ഇടങ്ങളും സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. തമിഴ്‌നാട്ടിലെ പട്ടണങ്ങളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് തിരുച്ചിക്കുള്ളത്. കാവേരി നദിയുടെ ഓരത്തോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ തന്നെ, തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പച്ചപ്പുനിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തേത്. ചൂടും അല്പം കുറവുണ്ട്. എറണാകുളത്തു നിന്നുമുള്ള 6866 നമ്പര്‍ തിരുച്ചി എക്സ്‌പ്രസിലായിരുന്നു അങ്ങോട്ടുള്ള യാത്ര. ഒരു മണിക്കൂറോളം വൈകി തിരുച്ചി ഫോര്‍ട്ട് റയില്‍‌വേസ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ ഒന്‍പത് മണി.

 ശ്രീരംഗനാഥസ്വാമി ക്ഷേത്രം

ഭക്ഷണവും വിശ്രമവുമൊക്കെ കഴിഞ്ഞ് വൈകുന്നേരം ഏറ്റവും അടുത്തുള്ള ശ്രീരംഗനാഥസ്വാമി ക്ഷേത്രം കാണുവാനായി തിരിച്ചു. ലോകത്താകമാനമുള്ള പ്രവര്‍ത്തനക്ഷമമായ ഹൈന്ദവക്ഷേത്രങ്ങളെടുത്താല്‍ ഏറ്റവും വലുപ്പം ഈ വൈഷ്ണവ ക്ഷേത്രത്തിനത്രേ! ശ്രീകോവിലിനെ ചുറ്റി ഏഴു മതിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. ഇതില്‍ ആദ്യ അഞ്ചു മതിലുകള്‍ക്കും നാലുവശവും ഗോപുരങ്ങളുണ്ട്. ഉള്ളില്‍ നിന്നും രണ്ടാമത്തേതിന് ഒരു ഗോപുരം, പിന്നീട് ശ്രീകോവിലിന്റെ പുറംഭിത്തി, അതിനു ഗോപുരങ്ങളില്ല. അങ്ങിനെ ഇരുപത്തിയൊന്നു ഗോപുരങ്ങളുള്ള ഈ ക്ഷേത്രസമുച്ചയത്തില്‍, ഏറ്റവും പുറത്തുള്ള മതില്‍കെട്ടിന്റെ മുന്‍ഭാഗമുള്ള ഗോപുരമാണ് ഏറ്റവും വലുത്. മൂന്നു മതില്‍ക്കെട്ടുവരെ വാഹനങ്ങള്‍ക്കു വരെ പ്രവേശനമുള്ള സാധാരണ നിരത്തുകളാണ്. നാലാമത്തേതു മുതലാണ് ക്ഷേത്രത്തിന്റേതെന്നു പറയാവുന്ന അന്തരീക്ഷമുള്ളത്.


 തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം

രണ്ടാം ദിവസം പുലര്‍ച്ചെ പ്രസിദ്ധമായ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലേക്ക് യാത്രയാരംഭിച്ചു. ഏതാണ്ട് അന്‍പത്തിനാല് കിലോമീറ്ററോളം ദൂരമുണ്ട് തിരുച്ചിയില്‍ നിന്നും തഞ്ചാവൂരിലെത്തുവാന്‍. 985 മുതല്‍ 1014 വരെ തമിഴ്‌നാട് ഉള്‍പ്പെടുന്ന ചോളസാമ്രാജ്യം ഭരിച്ച രാജരാജ ചോളനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ ഉത്തരവിട്ടത്. ഇത്രയും ബ്രഹൃത്തായ ഒരു ക്ഷേത്രസമുച്ചയം പൂര്‍ണമായും കല്ലില്‍ നിര്‍മ്മിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ തന്റെ ശക്തിയും പ്രതാപവും വെളിവാക്കുക എന്നൊരു ലക്ഷ്യത്തിനുവേണ്ടി രാജരാജ ചോളന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. കഠിനമായ ശിക്ഷാവിധികളോടെ, നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിച്ച് ധാരാളം പേരെ കുരുതി നല്‍കിയാണ് ക്ഷേത്രം പൂര്‍ത്തിയാക്കിയത്. അതിനാല്‍ തന്നെ ഇവിടെ പ്രാര്‍ത്ഥന ചെയ്താല്‍ ഫലപ്രാപ്തിയുണ്ടാവുകയില്ല എന്നൊരു വിശ്വാസവും പ്രബലമായുണ്ട്. ഇപ്രകാരമുള്ള അമ്പലത്തിന്റെ ദോഷങ്ങള്‍ മാറുവാനായി രാജരാജ ചോളന്‍ പ്രതിഷ്ഠിച്ച ആയിരത്തിയെട്ട് ശിവലിംഗങ്ങള്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നുള്ള ഇടനാഴികളില്‍ കാണാം.


ഒറ്റക്കല്ലില്‍ തീര്‍ത്ത നിരവധി വലിയ കെട്ടുകള്‍ ക്ഷേത്രത്തില്‍ സുലഭമായി കാണാം. രണ്ട് കവാടങ്ങള്‍ പിന്നിട്ടുവേണം പ്രധാന അങ്കണത്തിലെത്തുവാന്‍. പ്രതിഷ്ഠയായ ശിവനെ അഭിമുഖീകരിച്ചിരിക്കുന്ന നന്ദികേശ്വരന്റെ ഒറ്റക്കല്ലില്‍ കൊത്തിയ ശില്പമാണ് ആദ്യം കണ്ണില്‍‌പെടുക. മേല്‍ക്കൂരയില്‍ ചിത്രപ്പണികളോടു കൂടിയ ഒരു കല്‍‌മണ്ഡപത്തിലാണ് നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏതാണ്ട് 70 മീറ്ററോളം പൊക്കമുണ്ട് പ്രധാന ശ്രീകോവിലിന്റെ താഴികക്കുടം സ്ഥിതി ചെയ്യുന്ന ഗോപുരത്തിന്. ഉള്ളിലെ ശിവന്റെ പ്രതിഷ്ഠയുടെ വലിപ്പവും വിസ്മയിപ്പിക്കുന്നതാണ്.


പ്രധാന ശ്രീകോവിലിനു ചുറ്റും വിശാലമായ നടപ്പാത കാണാവുന്നതാണ്. കരിങ്കല്‍ പാളികളാലാണ് നടപ്പാതയുടെ തറ പാകിയിരിക്കുന്നത്. വെയില്‍ കഠിനമാവുമ്പോള്‍ ചുട്ടുപഴുത്തുകിടക്കുന്ന ഇവയില്‍ ചവുട്ടി നടക്കുക ദുഷ്‌കരമാണ്. പുറം ചുമരിനോട് ചേര്‍ന്ന് പൂര്‍ണമായും കല്ലില്‍ തീര്‍ത്ത ഇടനാഴിയും കാണാം. ഈ ഇടനാഴികളിലാണ് ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചുവരുകളില്‍ ചുവര്‍ച്ചിത്രങ്ങള്‍ അലേഖനം ചെയ്തിട്ടുമുണ്ട്. പ്രധാന ശ്രീകോവിലിന്റെ വശത്തായി ദക്ഷിണാമൂര്‍ത്തിയേയും, പ്രത്യേകം കോവിലുകളില്‍ ഗണപതി, സുബ്രഹ്മണ്യന്‍, രാജരാജേശ്വരി എന്നിവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു.



തഞ്ചാവൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം അടുത്തൊരു ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും കഴിച്ച് നേരേ പോയത് തിരുവയ്യാറിലേക്കാണ്. ത്യാഗരാജസംഗീതോത്സവത്തിലൂടെ ഇവിടം ലോകപ്രശസ്തമാണ്. തുടര്‍ന്നുള്ള യാത്രയുടെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.

അനുബന്ധം:
1. Thiruchirapalli - Wikipedia
2. Sri Ranganathaswamy Temple (Srirangam) - Wikipedia
3. Thanjavur - Wikipedia
4. Brihadeeswarar Temple - Wikipedia

Description: A trip to Trichy (Thiruchi, Thiruchirappally, Thiruchirapalli) - A Travelogue. First day: SreeRanganathaSwamy Temple, Sreerangam: Sculpture, Interior, Corridor, Towers; Second day: Thanjavur Brahideeswara Temple: Towers, Main Shrine, Nandiswaran, Sculpture, Shrine of Subrahmanian, Corridor, Temple Courtyard; Thiruvaiyaru, Kallana Dam; Third Day: Amsapuram, Silver Cascade Falls, KodaiKanal, Coker's Walk, Bryant Park, Botanical Garden, Forth Day: Rock Fort Temple. A travelogue by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. May 2009. Photography by Haree and Sree.
--

Saturday, May 9, 2009

വസന്തോത്സവം (Vasantholsavam)

Vasantholsavam: A love song translated by Haree.
മറ്റൊരു പ്രണയഗാനം. അല്പകാലം മുന്‍പിറങ്ങിയ ഒരു ഹിന്ദി സിനിമയിലെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുവാനൊരു ശ്രമം. ചിത്രവും ഗാനവും മനസിലാക്കുവാന്‍ ഒന്നു ശ്രമിച്ചു നോക്കൂ.

വസന്തത്തിന്റെ ഈ ഉത്സവം കണ്ടിട്ടാവണം
പ്രണയം അമ്പരന്നു നില്‍ക്കുന്നു.

തങ്ങളുടെ സുഗന്ധം നിറഞ്ഞ ഉദ്യാനത്തില്‍,
പൂക്കളാവട്ടെ വീര്‍പ്പുമുട്ടി വിരിയുന്നു.
സാഹചര്യങ്ങളുടെ മൂടുപടത്തിനുള്ളില്‍
കാണുവാനാവാത്ത ചില വിഷമതകള്‍.
എങ്ങും നിറഞ്ഞിരിക്കുന്ന നിശബ്ദതയ്ക്കുള്ളില്‍
സമയവും മയങ്ങിപ്പൊയതുപോലെ!
എന്റെ മനസിലാവട്ടെ നഷ്ടബോധങ്ങള്‍ മാത്രവും!


വേദനകളെ വാക്കുകളാക്കുവാനാര്‍ക്കാണാവുക!
അവളെന്റേതു തന്നെയോ എന്ന ചിന്തകളില്‍
ഞാന്‍ എന്നെ നഷ്ടപ്പെടുത്തുന്നു.
നദിയുടെ ഇരുകരകളുടേയും ദിശ ഒന്നെങ്കിലും,
അവ ഒരിക്കലും അടുക്കുന്നില്ല,
യാത്രകളിലൊരുമിച്ചെങ്കിലും,
ഞങ്ങളുടെയിടയിലും ദൂരം ശേഷിക്കുന്നു!
അടുത്തെങ്കിലും, വളരെ ദൂരത്തില്‍;
പ്രതീക്ഷകളില്ലാത്ത ഈ വേദനയില്‍ തുടരുവാന്‍ വയ്യ!
ഒരു ചില്ലുപാളിയാല്‍ ഞങ്ങള്‍ അകന്നുകഴിയുന്നു.
എങ്ങും നിറഞ്ഞിരിക്കുന്ന നിശബ്ദതയ്ക്കുള്ളില്‍
സമയവും മയങ്ങിപ്പൊയതുപോലെ!
എന്റെ മനസിലാവട്ടെ നഷ്ടബോധങ്ങള്‍ മാത്രവും!

എന്റെ മനസു തിരഞ്ഞെടുത്ത സംഗീതമാണ് ഞാന്‍ കേട്ടത്.
എന്നാല്‍ സമയം നമുക്കായി മൂളിയതാവട്ടെ മറ്റു ചിലതും!
എനിക്കിവിടെ സങ്കടമെങ്കില്‍, അവളവിടെ സന്തോഷിക്കുന്നുമില്ല.
ഞങ്ങളുടെ കണ്ടുമുട്ടലുകളില്‍ ഏകാന്തത നിറഞ്ഞിരുന്നു.
ഞങ്ങളൊരുമിച്ചെങ്കിലും ഒന്നായില്ല;
പൂക്കള്‍ തളിര്‍ത്തെങ്കിലും വിടര്‍ന്നതുമില്ല്ല.
വസന്തം കൊതിക്കുന്നെങ്കിലും, മനസറിയുന്നതു വരള്‍ച!
എങ്ങും നിറഞ്ഞിരിക്കുന്ന നിശബ്ദതയ്ക്കുള്ളില്‍
സമയവും മയങ്ങിപ്പൊയതുപോലെ!
എന്റെ മനസിലാവട്ടെ നഷ്ടബോധങ്ങള്‍ മാത്രവും!


ഉത്തരം cALviN::കാല്‍‌വിന്‍ കമന്റില്‍ പറഞ്ഞു കഴിഞ്ഞു. അവിടെ നോക്കാതെ തന്നെ മനസിലാക്കുവാന്‍ ശ്രമിച്ചു നോക്കൂ. കിട്ടുന്നില്ലെങ്കില്‍ താഴെ മൌസ് ഉപയോഗിച്ച് ഒന്നു സെലക്ട് ചെയ്ത് നോക്കിയാല്‍ മതി.

ചിത്രം: ജോധാ അക്ബര്‍
ഗാനം: “കെഹ്നേ കോ ജഷ്നേ ബഹാരാ ഹൈ...”
സാഹിത്യം: ജാവേദ് അക്തര്‍
ഹിങ്ക്ലീഷ് വരികള്‍ക്ക് കടപ്പാട്: http://www.hindilyrix.com/songs/get_song_Jashn-E-Bahaara.html

Kehne Ko Jashan-E-Bahara Hai,
Ishq Yeh Dekhke Hairaan Hai

Phool Se Khusboo Khafa Khafa Hai Gulsan Mein
Chupa Hai Koi Ranj Fiza Ki Chilman Mein
Sare Sehmein Nazare Hain
Soye Soye Vaqt Ke Dhare Hain
Aur Dil Mein Koi Khoyi Si Baatein Hain

Kaise Kahen Kya Hai Sitam
Sochte Hai Abb Yeh Hum
Koi Kaise Kahen Woh Hai Ya Nahi Humare
Karte To Hai Saath Safar
Fasle Hain Phir Bhi Magar
Jaise Milte Nahi Kisi Dariya Ke Do Kinare
Pass Hain Phir Bhi Paas Nahi
Humko Yeh Gum Raas Nahi
Seeshe Ki Ek Diware Hai Jaise Darmiyan
Sare Sehmein Nazare Hain
Soye Soye Vaqt Ke Dhare Hain
Aur Dil Mein Koi Khoyi Si Baatein Hain

Humne Ne Jo Tha Nagma Suna
Dil Ne Tha Usko Chuna
Yeh Dastan Humen Vaqt Ne Kaise Sunai
Humjo Agar Hai Gumgin
Woh Bhi Udhar Khush To Nahi
Mulakato Mein Jaise Ghul Si Gai Tanhai
Milke Bhi Hum Milte Nahi
Khilke Bhi Gul Khilte Nahi
Aankhon Mein Hai Baharein Dil Mein Khilza
Sare Sehmein Nazare Hain
Soye Soye Vaqt Ke Dhare Hain
Aur Dil Mein Koi Khoyi Si Baatein Hain


YouTube-ല്‍ ഈ ഗാനരംഗം ഇവിടെ കാണാം.

Description:Vasantholsavam - Translated by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog.
--